
ബെംഗളൂരു: ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയതിന് പിന്നാലെ ബെംഗളൂരു സ്വദേശിയായ പ്രമുഖ ഡോഗ് ബ്രീഡര്‍ സതീഷിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ വിനിമയ മാനേജ്മെന്റ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് സതീഷിന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയത്. സതീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.
നായയെ വാങ്ങിയതായി പറയപ്പെടുന്ന സമയത്ത് സതീഷ് കാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹവാല മാര്‍ഗത്തിലൂടെയാണോ പണ കൈമാറ്റം നടത്തിയതെന്നതടക്കം ഇ ഡി അന്വേഷിക്കുന്നുണ്ട്. വിദേശ ഇനത്തില്‍പ്പെട്ട നായയാണെന്ന സതീഷിന്റെ വാദം ശരിയല്ലെന്നും ഇ ഡി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നായ ഇന്ത്യന്‍ ഇനത്തില്‍പ്പെട്ടതാണെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. സതീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇ ഡി വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു ബെംഗളൂരു സ്വദേശിയായ ഡോഗ് ബ്രീഡര്‍ നായയുടേയും ചെന്നായയുടേയും സങ്കര ഇനമായ വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയെന്നുള്ള വാര്‍ത്ത പുറത്തുവന്നത്. അന്‍പത് കോടി രൂപ ചെലവിട്ടാണ് അപൂര്‍വയിനമായ ഒകാമി നായയെ ഇയാള്‍ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് മാസം മാത്രമായിരുന്നു നായയുടെ പ്രായം. 28കോടിയായിരുന്നു നായയുടെ വിലയെങ്കിലും ടാക്സും മറ്റ് കമ്മീഷനും ചേര്‍ന്ന് അന്‍പത് കോടി രൂപ ചെലവായെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights- ED raids bengaluru man after his claim of buying wolfdog for Rs 50 crore