

ന്യൂ ഡൽഹി: വരും വർഷങ്ങളിൽ റെയിൽവേ വലിയ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും, സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്ക് നിരവധി പദ്ധതികൾ കൈക്കൊള്ളുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര ബജറ്റിൽ റെയിൽവെയ്ക്ക് നൽകിയ പരിഗണനയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അടുത്ത മൂന്ന് വർഷത്തിൽ 200 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 100 അമൃത് ഭാരത് തീവണ്ടികൾ, 50 നമോ ഭാരത് റാപിഡ് റെയിലുകൾ, 17500 നോൺ എസി ജനറൽ കോച്ചുകൾ എന്നിവയും അടുത്ത വർഷങ്ങളിൽ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ 252000 കോടി രൂപയാണ് റെയിൽവെയ്ക്കായി ധനമന്ത്രി മാറ്റിവെച്ചത്. റെയിൽവെയ്ക്ക് കിട്ടിയ പരിഗണനയിൽ അശ്വിനി വൈഷ്ണവ് നന്ദി പറയുകയും ചെയ്തു.
റെയിൽവെയുടെ ആധുനികവത്കരണത്തിനും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വലിയ തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്റ്റേഷൻ നവീകരണം, പുതിയ പാതകൾ, പാലങ്ങൾ തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾക്കായി 460000 രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 116000 രൂപ സുരക്ഷാ പദ്ധതികൾക്കായും മാറ്റിവെച്ചിട്ടുണ്ട്.
നിരവധി നേട്ടങ്ങളാണ് ഈ സാമ്പത്തികവർഷത്തിൽ തന്നെ റെയിൽവെയെ കാത്തിരിക്കുന്നത്. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത സംവിധാനമായി റെയിൽവെ ഈ വർഷം മാറിയേക്കും. കൂടാതെ 2047 ആകുമ്പോഴേക്കും 7000 കിലോമീറ്റർ ഹൈ സ്പീഡ് റെയിൽ ശൃംഖല സ്ഥാപിക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ എല്ലാ പാതകളും വൈദ്യുതീകരിക്കുക എന്ന സുവർണനേട്ടവും ഈ വർഷം തന്നെ റെയിൽവെ പൂർത്തീകരിച്ചേക്കും.
Content Highlights: Railway to release new vandebharat, vande metro