
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. ഇന്ന് രാവിലെ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും.
മുഴുവൻ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമാകാൻ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാണ് കോൺഗ്രസിലെ പൊതു വികാരം. രാഹുലിൻ്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല എന്നാണ് സൂചന. 101 എംപിമാർ കോൺഗ്രസിനുള്ള പശ്ചാത്തലത്തിൽ രാഹുൽ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.
രാഹുൽ നിരസിച്ചാൽ കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി തുടങ്ങിയ പേരുകൾ പാർട്ടി പരിഗണിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം, എക്സിറ്റ് പോൾ ഓഹരി കുംഭകോണം അടക്കമുള്ള കാര്യങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്യും. പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി ഓഹരി കുംഭകോണത്തിൽ മോദി സർക്കാരിന് എതിരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് പാർട്ടിയുടെ നീക്കം.
ആരോപണത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം എന്ന ആവശ്യം വരുന്ന വർഷകാല സമ്മേളനത്തിൽ ശക്തമാക്കും. വൈകിട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും ചേരും. എംപിമാരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ യോഗത്തിൽ നൽകും.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണംപോയ സംഭവം ; ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും