പ്രകാശ് അംബേദ്കറും പാര്ട്ടിയും മഹാരാഷ്ട്രയില് മഹാ വികാസ് അഘാഡി സഖ്യത്തോടൊപ്പം; സീറ്റുകള് നല്കും

വിബിഎയെ മുന്നണിയുടെ ഭാഗമാക്കാന് കോണ്ഗ്രസും ശിവസേനയും എന്സിപിയും ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.

dot image

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് താക്കറേ വിഭാഗം, എന്സിപി ശരദ് പവാര് വിഭാഗം, കോണ്ഗ്രസ് എന്നീ കക്ഷികളുടെ നേതൃത്വത്തില് രൂപീകരിച്ച സഖ്യമായ മഹാ വികാസ് അഘാഡിയില് ഇനി പ്രകാശ് അംബേദ്കര് നയിക്കുന്ന വഞ്ചിത് ബഹുജന് അഘാഡി(വിബിഎ)യും. കഴിഞ്ഞ കുറച്ചു കാലമായി നടന്നുവരുന്ന ചര്ച്ചകള്ക്ക് ശേഷം വിബിഎയെ മുന്നണിയുടെ ഭാഗമാക്കാന് കോണ്ഗ്രസും ശിവസേനയും എന്സിപിയും ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.

ഇതിനെ തുടര്ന്ന് ചൊവ്വാഴ്ച നടന്ന മഹാ വികാസ് അഘാഡി യോഗത്തില് വിബിഎ ഉപാദ്ധ്യക്ഷന് ധൈര്യവാന് പണ്ഡ്കര് പങ്കെടുത്തു. 'കോണ്ഗ്രസും എന്സിപിയും ശിവസേനയും ഐക്യകണ്ഠേന വിബിഎയെ സഖ്യകക്ഷിയായി ഉള്പ്പെടുത്താന് തീരുമാനിച്ചു. ഏകാധിപത്യത്തിനെതിരായ നിങ്ങളുടെ നിലപാടിനോട് ഞങ്ങള് നന്ദിയുള്ളവരാണ്.', കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് നാനാ പട്ടോള് എക്സില് കുറിച്ചു.

വിബിഎയെ മഹാ വികാസ് അഘാഡിയില് ഉള്പ്പെടുത്തിയത് അറിയിച്ച് പ്രകാശ് അംബേദ്കറിന് മഹാ വികാസ് അഘാഡി നേതാക്കള് കത്ത് നല്കി. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കോണ്ഗ്രസ് നേതാവ് നാനാ പട്ടോള്, എന്സിപി സംസ്ഥാന അദ്ധ്യക്ഷന് ജയന്ത് പാട്ടീല് എന്നിവരാണ് കത്തില് ഒപ്പിട്ടിരിക്കുന്നത്.

'രാജ്യം വളരെ ഗൗരവതരമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോവുന്നത്. മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള ഒരു രാജ്യം ഏകാധിപത്യത്തിലേക്ക് മാറുകയാണ്. 2024ലെ തിരഞ്ഞെടുപ്പില് ഒരു വ്യത്യസ്തമായ ഫലം അല്ല ഉണ്ടാവുന്നതെങ്കില് ഇതൊരു പക്ഷെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ജനങ്ങള് സംശയിക്കുന്നു. ഈ അന്തരീക്ഷം മാറ്റുന്നതിനും ആ മാറ്റം സംസ്ഥാനത്തും രാജ്യത്തും നല്കുന്നതിന് വേണ്ടിയാണ് മഹാ വികാസ് അഘാഡിയെന്ന് നമുക്കറിയാം. വിബിഎ നിര്ബന്ധമായും മഹാ വികാസ് അഘാഡിയില് ഉണ്ടാവണമെന്ന് ഞങ്ങളുടെ നിലപാടാണ്', കത്തില് പറയുന്നു.

dot image
To advertise here,contact us
dot image