മുണ്ടംവേലി ഫ്‌ളാറ്റ് വിവാദം: മാക്‌സിയുടെ പ്രതികരണം അനുചിതം; CPI സമരക്കാർക്കൊപ്പം: ജില്ലാ സെക്രട്ടറി എന്‍ അരുൺ

അപാകത ഉണ്ടെന്നുള്ള കാര്യം നിര്‍മ്മാണ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി

മുണ്ടംവേലി ഫ്‌ളാറ്റ് വിവാദം: മാക്‌സിയുടെ പ്രതികരണം അനുചിതം; CPI സമരക്കാർക്കൊപ്പം: ജില്ലാ സെക്രട്ടറി എന്‍ അരുൺ
dot image

കൊച്ചി: മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍. പ്രശ്‌നം ഗൗരവമുള്ളതാണെന്ന് അരുണ്‍ പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ പിഴവുണ്ടായി. അപാകത ഉണ്ടെന്നുള്ള കാര്യം നിര്‍മ്മാണ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

സിപിഐ സമരക്കാര്‍ക്ക് ഒപ്പമാണ്. കെ ജെ മാക്‌സിയുടെ പ്രതികരണം അനുചിതമാണ്. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല. പാര്‍ട്ടി തന്നെ അതിനെ തള്ളിക്കളഞ്ഞുവെന്നും അരുണ്‍ പറഞ്ഞു. ഫ്‌ളാറ്റ് നിവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം. ഉത്തരവാദികള്‍ക്ക് എതിരെ നടപടി വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.

മുണ്ടന്‍വേലി ഫ്‌ളാറ്റ് നിവാസികള്‍ക്കെതിരെ മുന്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുണ്ടംവേലിയിലെ ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ ജെ മാക്സിയുടെ പരാമര്‍ശം. 'വളരെ മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്', എന്നായിരുന്നു മാക്സി പറഞ്ഞത്.

കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പണികള്‍ ആരംഭിച്ചതെന്നും മാക്സി പറഞ്ഞിരുന്നു. പിന്നീട് അപാകതകള്‍ കണ്ടെത്തിയപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്. ഫ്‌ളാറ്റിലെ പ്രശ്നങ്ങള്‍ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും മാക്സി പറഞ്ഞിരുന്നു. ഇതിനെതിരെ മുഹമ്മദ് ഷിയാസ് എംഎല്‍എയും ഫ്‌ളാറ്റ് നിവാസികളും അടക്കം രംഗത്തെത്തിയിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാക്‌സി മാപ്പ് പറയണമെന്നായിരുന്നു ഫ്‌ളാറ്റ് നിവാസികള്‍ പറഞ്ഞത്. ഇതിനിടെ റിപ്പോര്‍ട്ടറിനോട് പ്രതികരിക്കുന്നതിനിടെ പരാമര്‍ശം പിന്‍വലിക്കുന്നതായി മാക്‌സി പറഞ്ഞിരുന്നു. എന്നാല്‍ മാക്‌സി മാപ്പുപറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഫ്‌ളാറ്റ് നിവാസികള്‍.

Content Highlights- CPI district secretary N Arun described Maxi’s response to the Mundamveli flat controversy as inappropriate and said the CPI was with the protesters.

dot image
To advertise here,contact us
dot image