ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം; രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്, ഡ്രില്ലിങ് പുനരാരംഭിക്കും

ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവച്ചിരിക്കുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കി

dot image

ഡെറാഡൂൺ: ഉത്തരകാശിയിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുളള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്. രാവിലെ പതിനൊന്ന് മണിക്ക് ഡ്രില്ലിങ് ആരംഭിക്കും. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവച്ചിരിക്കുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങികിടക്കാൻ തുടങ്ങിയിട്ട് ഇന്ന് 13-ാം ദിവസമാണ്.

തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഡ്രില്ലിംഗ് മെഷീനിലെ തകരാർ കാരണം വ്യാഴാഴ്ച താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഡ്രില്ലിങ് ഉറപ്പിച്ച് നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം യന്ത്രം പ്രവർത്തിക്കുമ്പോഴുളള പ്രകമ്പനത്തിൽ തകർന്നതാണ് രക്ഷാദൗത്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്.

കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവെ അടിത്തറ പൂർണമായി തകരുകയായിരുന്നു. കോൺക്രീറ്റിനുളള സിമന്റ് മിശ്രിതം ഇന്ന് ഉച്ചയോടെ ഉറയ്ക്കും. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിച്ചെങ്കിലും അതിന്റെ ബലം സംബന്ധിച്ച് അധികൃതർക്ക് സംശയങ്ങളുണ്ട്. തുടർന്ന് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

തുരങ്കത്തില് കുടുങ്ങിയ തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല; രക്ഷാപ്രവർത്തനത്തിൽ തടസ്സം

നിലവിൽ തുരങ്കത്തിന്റെ 46.8 മീറ്റർ വരെ തുരന്നിട്ടുണ്ട്. ഡ്രില്ലിങ് പുനരാരംഭിച്ചാൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി മുന്നോട്ടു പോകാനുള്ളത്. തൊഴിലാളികളെ ഓരോരുത്തരെ ആയി വലിയ പൈപ്പിലൂടെ ചക്രം ഘടിപ്പിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കും. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു.

തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റാനാണ് തീരുമാനം. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image