പുകമഞ്ഞ് ശ്വസിച്ച് ഡൽഹി; വായു ഗുണനിലവാര സൂചിക 410 രേഖപ്പെടുത്തി

ഒക്ടോബർ 27 മുതൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 200 പോയിന്റിലധികം വർധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു

dot image

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. ഡൽഹിയിലും പരിസരത്തും വായു ഗുണനിലവാര സൂചിക 400 രേഖപ്പെടുത്തി. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (എസ്എഎഫഎആർ) പ്രകാരം ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചികയിൽ 410 രേഖപ്പെടുത്തി.

ഒക്ടോബർ 27 മുതൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 200 പോയിന്റിലധികം വർധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. നവംബർ മൂന്ന് മുതലാണ് വായു മലിനീകരണം ശക്തമായത്. 2021 നവംബർ 12 ന് രേഖപ്പെടുത്തിയ 471 എന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഈ നവംബറിലും രേഖപ്പെടുത്തിയത്.

ഡൽഹിയിൽ സിഎൻജി, ഇലക്ട്രിക്, ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകാവൂ എന്ന് ആവശ്യപ്പെട്ട് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചിട്ടുണ്ട്. ദീപാവലി കണക്കിലെടുത്ത് കൂടിയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തും, മലിനീകരണ തോത് കുറയ്ക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും, പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും ഗോപാൽ റായ് നിർദേശിച്ചു. മലിനീകരണമുണ്ടാക്കുന്ന ട്രക്കുകൾ, വാണിജ്യാവശ്യങ്ങൾക്കുളള ഫോർ വീലർ വാഹനങ്ങൾ എന്നിവ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വായു മലിനീകരണം ശക്തമായതോടെ 50 ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. അടുത്ത വെളളിയാഴ്ച വരെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മുതൽ 12 വരെയുളള ക്ലാസുകൾക്ക് ഓൺലൈനിലേക്ക് മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ഞായറാഴ്ച ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.

dot image
To advertise here,contact us
dot image