ആകെ താമര,'എന്തുകൊണ്ട് മയിലില്ല?';പാർലമെന്റ് സ്റ്റാഫംഗങ്ങളുടെ പുതിയ യൂണിഫോമിൽ വിമർശിച്ച് പ്രതിപക്ഷം

'വ്യക്തിപരമായ പ്രചരണത്തിനായി ബിജെപി പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്'

dot image

ന്യൂഡൽഹി: പാർലമെന്റിലെ സ്റ്റാഫുകളുടെ പുതിയ യൂണിഫോമിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. യൂണിഫോമിൽ നിറയെ താമരയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് യൂണിഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

'എന്തുകൊണ്ടാണ് കടുവയെ പാർലമെന്റ് സ്റ്റാഫിന്റെ വസ്ത്രത്തിൽ വയ്ക്കാൻ സർക്കാർ തയ്യാറാകാത്തത്, കാരണം കടുവ ദേശീയ മൃഗമാണ്. എന്തുകൊണ്ടാണ് ദേശീയ പക്ഷിയായ മയിലിനെ അണിയിച്ചൊരുക്കാൻ ഇവർ തയ്യാറാകാത്തത്? പക്ഷേ ബിജെപിയുടെ ചിഹ്നം താമരയായതിനാൽ പാർലമെന്ററി ജീവനക്കാരുടെ ഡ്രസ് കോഡിൽ താമര ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു,' കോൺഗ്രസ് എംപി മാണിക്കം ടാഗോർ സാമൂഹികമാധ്യമമായ 'എക്സി'ലൂടെ പറഞ്ഞു.

അവർ എന്ത് വിലകുറഞ്ഞവരാണ്. ജി20യിലും അവർ ഇത് ആവർത്തിച്ചു. വീണ്ടും അത് ചെയ്യുന്നു. ദേശീയ പുഷ്പമാണെന്നൊക്കെയാണ് പറയുന്നത്. ഇത്തരം കാര്യങ്ങളെ നിസാരമായി കാണുന്നത് ശരിയല്ല. ബിജെപി വളരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ പാർലമെന്റിനെ ഏകപക്ഷീയമാക്കരുതെന്നും മാണിക്കം ടാഗോർ പറഞ്ഞു.

വിഷയത്തിൽ എൻസിപിയും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു. 'പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം അച്ചടിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പോർക്കളമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രചരണത്തിനായി ബിജെപി പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ പാർലമെന്റ് ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേതുമല്ല,' എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.

അഞ്ച് ദിവസം നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ യൂണിഫോം പുറത്തിറക്കിയത്. പുതിയ പാർലമെന്റിലേക്ക് മാറുമ്പോൾ എല്ലാ ജീവനക്കാരും പുതിയ യൂണിഫോമിലായിരിക്കും പ്രവർത്തിക്കുക. ഇന്ത്യൻ ടച്ചുളളതാണ് പുതിയ യൂണിഫോമെന്നാണ് വിവരം.

മജന്ത കളറിലോ അല്ലെങ്കിൽ പിങ്ക് നിറത്തിലോ ഉളള നെഹ്റു ജാക്കറ്റ് ഉദ്യോഗസ്ഥർ ധരിക്കും. മുമ്പ് പാർലമെന്റ് നടപടികളിൽ ബന്ദ്ഗാല സ്യൂട്ട് ഉദ്യോഗസ്ഥർ ധരിച്ചിരുന്നു. താമരപ്പൂവിന്റെ പ്രിന്റുളള പിങ്ക് നിറത്തിലുള്ള ഷർട്ടും കാക്കി നിറത്തിലുള്ള പാന്റ്സും ജീവനക്കാർ ധരിക്കും. ഇരു സഭകളിലേയും മാർഷൽമാരുടെ വസ്ത്രധാരണവും മാറ്റിയിട്ടുണ്ട്. അവർ മണിപ്പൂരി തലപ്പാവ് ധരിക്കും. പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വസ്ത്രവും മാറ്റും. സഫാരി സ്യൂട്ടുകൾക്ക് പകരം അവർക്ക് സൈന്യത്തിന് സമാനമായ വേഷവിധാനങ്ങൾ നൽകാനുമാണ് തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us