
മുംബൈ: പ്രതിപക്ഷസഖ്യമായ ഇന്‍ഡ്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങളിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇത് 28 പാര്‍ട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണെന്നും കെജ്രിവാള് പറഞ്ഞു. സഖ്യത്തിന്റെ മൂന്ന് യോഗങ്ങളിലും പങ്കെടുത്തയാളാണ് താന്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെ സൗഹൃദത്തോടെയാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് പൂര്‍ണ ഉത്തരവാദിത്തത്തോടെ പറയുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രത്യേകിച്ച് ഒരു പദവി ആഗ്രഹിച്ചല്ല, രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടികള്‍ മുന്നണിയില്‍ എത്തിയതെന്നും കെജ്രിവാള് പറഞ്ഞു. ചില വലിയ ശക്തികള്‍ മുന്നണിയെ തകര്‍ക്കാന്‍ ശ്രമിച്ചേക്കാം. ഈ സര്‍ക്കാരിന്റെ അന്ത്യത്തിന് കാരണമാകുന്ന ഇന്‍ഡ്യ ഒരുമിച്ച് വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കടന്നാക്രമിച്ച കെജ്രിവാള്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞതും ധിക്കാരപരവുമായ സര്‍ക്കാരാണിതെന്നും പറഞ്ഞു. ഇന്‍ഡ്യാ മുന്നണിയുടെ മൂന്നാമത്തെ യോഗം മുംബെെയില്‍ അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.
മുന്നണിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്നിരുന്നില്ല. ചില പാർട്ടികളില്‍ അതൃപ്തി ഉടലെടുത്തതോടെയാണ് ലോഗോ പ്രകാശനം മാറ്റിയതെന്നാണ് സൂചന.