
നൂഹ്: ബ്രജ് മണ്ഡല് ജലാഭിഷേക യാത്ര നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതിന് പിന്നാലെ നൂഹില് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ജില്ലയില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തിയതിനൊപ്പം കൂട്ടമായി സന്ദേശം അയക്കുന്നതിനും വിലക്കേര്പ്പെടുത്തി. ആഗസ്റ്റ് 28 അര്ധരാത്രിവരെയാണ് നിയന്ത്രണം നിലനില്ക്കുക.
യാത്ര സംബന്ധിച്ച് വ്യാജ പ്രചാരണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റര്നെറ്റ് വിച്ഛേദിച്ചതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. സെപ്തംബര് 3 മുതല് 7 വരെ ജില്ലയില് നടക്കുന്ന ഷെര്പ്പ ഗ്രൂപ്പ് മീറ്റിങ്ങിന്റെ പശ്ചാത്തലത്തിലാണ് ബ്രജ് മണ്ഡല് ജലാഭിഷേക് ജാഥയ്ക്ക് ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല് ജാഥ നടത്തുമെന്ന് വിഎച്ച്പി അറിയിക്കുകയായിരുന്നു.
'തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹരിയാനയിലെ മുഴുവന് ബ്ലോക്കുകളിലുമുള്ള ശിവക്ഷേത്രത്തില് ബഹുജന ജലാഭിഷേക പരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയില് ഹൈന്ദവ സമൂഹം ഒന്നാകെ പങ്കെടുക്കും. നൂഹിന് പുറത്ത് നിന്നുള്ളവര് യാത്രയില് പങ്കെടുക്കില്ല.' വിഎച്ച്പി നേതാവ് പറഞ്ഞു. ഏകദേശം 2000 മുതല് 3000 വരെ ആളുകള് ജാഥയില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.