വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; പ്രതിഫലം രണ്ടര ഇരട്ടിയായി വര്‍ധിപ്പിച്ചു

2025 വനിതാ ഏകദിന ലോകകപ്പിൽ‌ ഇന്ത്യയുടെ പെൺപട ചരിത്രകിരീടം ഉയർത്തിയതിന് പിന്നാലെയാണ് ബിസിസിഐ സുപ്രധാന തീരുമാനം എടുത്തത്

വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; പ്രതിഫലം രണ്ടര ഇരട്ടിയായി വര്‍ധിപ്പിച്ചു
dot image

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ക്രിസ്മസ് സമ്മാനവുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന വനിതാ താരങ്ങളുടെ പ്രതിഫലം ഉയർത്താൻ ബിസിസിഐ അപെക്സ് കൗൺസിൽ തീരുമാനിച്ചു. വനിതാ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ചരിത്രപരമായ നീക്കത്തിനാണ് ബിസിസിഐ ഒരുങ്ങുന്നത്.

ഡിസംബർ 22 തിങ്കളാഴ്ച നടന്ന അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനം ബിസിസിഐ എടുത്തത്. പുതിയ തീരുമാനപ്രകാരം വനിതാ താരങ്ങളുടെ മാച്ച് ഫീ നിലവിലുള്ളതിനേക്കാൾ 2.5 ഇരട്ടിയായി വർധിക്കും.

സീനിയർ വനിതാ ടൂർണമെന്റുകളിൽ പ്ലേയിംഗ് ഇലവനിലെ സീനിയർ താരങ്ങൾക്ക് മുമ്പ് ഒരു ദിവസത്തേക്ക് 20,000 രൂപയായിരുന്നു മാച്ച് ഫീ. ബിസിസിഐയുടെ പുതിയ തീരുമാനപ്രകാരം ഇത് 50,000 രൂപയായി ഉയർത്തി. അതേസമയം റിസർവ് താരങ്ങളുടെ താരങ്ങളുടെ പ്രതിഫലം 10,000 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിച്ചു.

ജൂനിയർ താരങ്ങളുടെ പ്രതിഫലത്തിലും ബിസിസിഐ വർധനവ് വരുത്തിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനിലെ ജൂനിയർ താരങ്ങൾക്ക് മുമ്പ് ഒരു ദിവസത്തേക്ക് 10,000 രൂപയായിരുന്നു മാച്ച് ഫീ. പുതിയ പരിഷ്കാരം അനുസരിച്ച് ഇത് 25,000 രൂപയായി ഉയർത്തി. റിസർവ് താരങ്ങളുടെ താരങ്ങളുടെ പ്രതിഫലം 5,000 രൂപയിൽ നിന്ന് 12,500 രൂപയായി വർധിപ്പിച്ചു.

ടി20 മത്സരങ്ങളിൽ പങ്കെടുക്കുന്ന സീനിയർ താരങ്ങളിൽ പ്ലേയിംഗ് ഇലവനിലുള്ളവർക്ക് 25,000 രൂപയും റിസർവ് താരങ്ങൾക്ക് 12,500 രൂപയും ലഭിക്കും. ജൂനിയർ താരങ്ങളുടെ കാര്യത്തിൽ ഇത് യഥാക്രമം 12,500 രൂപയും 6,250 രൂപയുമാണ്. 2021-ലാണ് ഇതിന് മുൻപ് വനിതാ താരങ്ങളുടെ മാച്ച് ഫീയിൽ വർധനവുണ്ടായത്.

2025 വനിതാ ഏകദിന ലോകകപ്പിൽ‌ ഇന്ത്യയുടെ പെൺപട ചരിത്രകിരീടം നേടിയതിന് പിന്നാലെയാണ് ബിസിസിഐ ഇത്തരമൊരു സുപ്രധാന തീരുമാനം എടുത്തത്. ഹർമൻപ്രീത് കൗറിന്റെ ക്യാപ്റ്റൻ‌സിയിൽ നവി മുംബൈയിൽ വെച്ച് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഈ വിജയത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുമെന്ന് ബിസിസിഐ ഉറപ്പുനൽകിയിരുന്നു.

Content Highlights: BCCI Announces Salary Increase for Women Cricketers in India’s Domestic Circuit

dot image
To advertise here,contact us
dot image