

ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ. ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്‌നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.
സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
അതേസമയം ഈ തീരുമാനത്തിൽ വിമർശനത്തിന്‍റെ ആവശ്യമില്ലെന്നാണ് സുജ്‌നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു. നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.
Content Highlights: camera phones banned for daughters in law in rajasthan district