സോഷ്യൽ മീഡിയയിൽ സൈനിക വിരുദ്ധ പോസ്റ്റിടരുത്; വിരമിച്ച ജനറൽമാർക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്

പോസ്റ്റുകൾ പങ്കുവെച്ചാൽ വിമുക്തഭടന്മാർക്ക് പെൻഷൻ നഷ്ടപ്പെടുമെന്നും പൊലീസ് കേസെടുക്കുമെന്നും സൈന്യം പറഞ്ഞു

dot image

ന്യൂഡൽഹി: സൈനിക വിരുദ്ധ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ വിരമിച്ച ജനറൽമാർ ഉൾപ്പെടെയുള്ള മുൻ സൈനികർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ സേനയുടെ പ്രതിച്ഛായയെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്യരുതെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. അത്തരം പോസ്റ്റുകൾ പങ്കുവെച്ചാൽ വിമുക്തഭടന്മാർക്ക് പെൻഷൻ നഷ്ടപ്പെടുമെന്നും പൊലീസ് കേസെടുക്കുമെന്നും സൈന്യം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആവശ്യമായ നടപടികൾക്കായി അഡീഷണൽ ഡയറക്ടർ ജനറൽ (അച്ചടക്കവും ജാഗ്രതയും) ഏഴ് സൈനിക കമാൻഡുകൾക്കും ഇതിനകം കത്തയച്ചിട്ടുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ട്രിബ്യുണൽ റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിരമിച്ച ജനറൽമാർ ഉൾപ്പെടെയുള്ള നിരവധി വിമുക്തഭടന്മാർ കുറിച്ച പശ്ചാത്തലത്തിലാണ് നടപടി.

മുന് സൈനികര് സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരണങ്ങളും പ്രചരണങ്ങളും നടത്തി സേനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ സേനയുടെ ഉന്നതർ അടുത്ത കാലത്ത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. 'സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം ദുരുദ്ദേശ്യപരമായ പ്രചരണങ്ങൾ ഉദ്യോഗസ്ഥരും പൗരന്മാരും തമ്മിൽ ഭിന്നത സൃഷ്ടിക്കുകയും അവിശ്വാസവും പൊരുത്തക്കേടും വിതയ്ക്കുകയും ചെയ്യും,' പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

dot image
To advertise here,contact us
dot image