ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു: നരേന്ദ്രമോദി

പാവപ്പെട്ട മനുഷ്യരെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് അതിക്രൂരമായി കൊലപ്പെടുത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചു. അതിനുളള മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്

dot image

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ലോകത്തെ നടുക്കിയെന്നും തന്നെ വ്യക്തിപരമായി ഉലച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിനായി സൈന്യം കഠിനമായി പ്രവര്‍ത്തിച്ചെന്നും സൈന്യത്തിന് സല്യൂട്ട് നല്‍കുകയാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. പാവപ്പെട്ട മനുഷ്യരെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് അതിക്രൂരമായി കൊലപ്പെടുത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചു. അതിനുളള മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ നേട്ടം രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഓരോ പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു'-നരേന്ദ്രമോദി പറഞ്ഞു.


ഭീകരവാദികള്‍ക്കായാണ് പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ബഹാവല്‍പൂര്‍, മുരിദ്‌കെ പോലുളള സ്ഥലങ്ങള്‍ ആഗോള ഭീകരവാദത്തിന്റെ സര്‍വ്വകലാശാലകളാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയില്‍ ഭീകരവാദം നടത്തുന്നവര്‍ പാക് മണ്ണില്‍ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. ഭീകര ക്യാംപുകള്‍ തകര്‍ത്തതിനാണ് പാകിസ്താന്‍ ഇന്ത്യയോട് പ്രകോപനം കാട്ടിയത്. സ്‌കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും ആക്രമിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. ഭാരതത്തിന്റെ മിസൈലുകളും ഡ്രോണുകളും അവര്‍ക്ക് മറുപടി നല്‍കി. പാക് വ്യോമ താവളങ്ങള്‍ ഇന്ത്യന്‍ മിസൈലുകള്‍ തകര്‍ത്തു. ഇന്ത്യ പാകിസ്താന്റെ മണ്ണില്‍ കയറി ഭീകരവാദത്തിന്റെ അടിവേരിളക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന് നീതി ഉറപ്പാക്കിയെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് പുതിയ ദിശ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്‍ ഭയന്നുവിറച്ചു. പാക് സേനയുടെ ഡിജിഎംഒ ഇന്ത്യന്‍ സേനയെ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനു മുന്നില്‍ വെടിനിര്‍ത്താനായി പാകിസ്താന്‍ കേണപേക്ഷിച്ചു. ഇന്ത്യയോട് ആരും ആണവ ഭീഷണി മുഴക്കേണ്ടതില്ല. ഏത് ഭീകരപ്രവര്‍ത്തനത്തെയും അതിപ്രഹര ശക്തിയില്‍ തന്നെ തിരിച്ചടിക്കും.

ഭീകരതയോട് ഒരു തരത്തിലുമുളള വിട്ടുവീഴ്ച്ചയില്ല. ഇത് ഇന്ത്യയുടെ ഉറപ്പാണ്. ഭീകരവാദവും സഹകരണവും ഒന്നിച്ചുപോകില്ല. ഭീകരവാദവും വ്യാപാരവും ഒന്നിച്ചുപോകില്ല. വെളളവും ചോരയും ഒന്നിച്ചൊഴുകില്ല. പാകിസ്താനുമായി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരതയെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും. സൈന്യത്തിന് ഒരിക്കല്‍ക്കൂടി അഭിനന്ദനം'- പ്രധാനമന്ത്രി പറഞ്ഞു. ആര്‍മിയും വ്യോമസേനയും നാവികസേനയും ബിഎസ്എഫും അര്‍ദ്ധ സൈനിക വിഭാഗവും ഇപ്പോഴും ജാഗ്രതയിലാണെന്നും ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി തന്നെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Dedicating the success of Operation Sindoor to the women of the country says Narendra Modi

dot image
To advertise here,contact us
dot image