കൊവാലകള്‍ പട്ടിണി കിടന്ന് ചാകേണ്ട ഗതികേടില്‍; വിക്ടോറിയയില്‍ യൂകാലിപ്റ്റസ് ബ്ലൂ ഗം വെട്ടിനിരത്തല്‍ തുടരുന്നു

അടുത്ത താവളങ്ങള്‍ തേടി പോകുന്ന കൊവാലകളില്‍ പലതും വാഹനങ്ങള്‍ക്ക് അടിയില്‍പ്പെട്ട് ചാവുന്നത് പതിവാണ്

dot image

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ നഗരമായ വിക്ടോറിയയില്‍ യൂകാലിപ്റ്റസ് ബ്ലൂ ഗം മരങ്ങളുടെ വെട്ടിനിരത്തല്‍ ആരംഭിച്ചതോടെ പ്രതിസന്ധിയിലായി കൊവാലകളുടെ ജീവിതം. പൂര്‍ണമായും യൂകാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സസ്തനികളായ കൊവാലകള്‍ പട്ടിണി മൂലം ചത്തൊടുങ്ങുകയാണ്.

വിക്ടോറിയയില്‍ ബ്ലൂ ഗം തോട്ടങ്ങള്‍ വെട്ടിനിരത്തുന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കൊവാലകള്‍ക്ക് മറ്റ് താമസയോഗ്യമായ ഇടങ്ങള്‍ തേടേണ്ടിവരുന്നു. അടുത്ത താവളങ്ങള്‍ തേടി പോകുന്ന കൊവാലകളില്‍ പലതും വാഹനങ്ങള്‍ക്ക് അടിയില്‍പ്പെട്ട് ചാവുന്നത് പതിവാണ്. ഒരു വനത്തില്‍ നിന്ന് രക്ഷപ്പെടുന്ന കൊവാലകള്‍ സമീപത്തെ വനങ്ങളിലേക്കാണ് പോവുക. ഇത് സമീപ വനങ്ങളിലെ കൊവാലകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുകയും കാട്ടുതീയുള്‍പ്പെടെ ഉണ്ടാകുന്ന സമയത്ത് കൊവാലകളുടെ മരണ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തെക്ക് പടിഞ്ഞാറന്‍ വിക്ടോറിയയിലെ ബ്ലൂ ഗം തോട്ടങ്ങളില്‍ ഏകദേശം 42,500 ലധികം കൊവാലകള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 8,000 മുതല്‍ 10,000 വരെ ഹെക്ടര്‍ ബ്ലൂ ഗം തോട്ടങ്ങളാണ് വിളവെടുക്കുന്നത്. ഇത് ആയിരക്കണക്കിന് കൊവാലകളുടെ വാസസ്ഥലം നഷ്ടമാക്കുന്നു. ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലാന്‍ഡ്, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ കൊവാലകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേയിലയില്‍ കൊവാലകളുടെ എണ്ണം നിലനിര്‍ത്താന്‍ ആവശ്യമുളളത്ര മരങ്ങളില്ല.

ഇലകള്‍ക്കും പൂവുകള്‍ക്കും വേണ്ടിയാണ് യൂകാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നത്. ഈ മരങ്ങളെയാണ് കൊവാലകള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. മരങ്ങളില്ലാതാകുന്നതോടെ ഇവ പട്ടിണി കിടന്ന് ചാകും. അടുത്ത താമസസ്ഥലം നോക്കി പോകുന്ന കൊവാലകള്‍ വാഹനമിടിച്ച് ചാകുന്നതും പതിവ് കാഴ്ച്ചയാണ്. 2023-ല്‍ മാത്രം 1431 കൊവാലകള്‍ക്ക് വാഹനത്തിനടിയില്‍പ്പെട്ട് ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊവാലകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് അറിയാമെങ്കിലും അതിന് വ്യക്തമായ പരിഹാരമില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം.

Content Highlights: koalas face starvation and death as blue gums chopped down in victoria

dot image
To advertise here,contact us
dot image