കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; എല്ലാ കുപ്പിവെള്ളവും 'മിനറല്‍ വാട്ടര്‍ അല്ല

മിനറല്‍ വാട്ടറും പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറും ഒന്നല്ല! അറിയാം പ്രധാന വ്യത്യാസങ്ങള്‍. കുപ്പിവെള്ളം വാങ്ങുമ്പോള്‍ ലേബലില്‍ എന്താണ് നോക്കേണ്ടത്? വില കൂടിയ വെള്ളം കൂടുതല്‍ സുരക്ഷിതമാണോ? അറിയാം

കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; എല്ലാ കുപ്പിവെള്ളവും 'മിനറല്‍ വാട്ടര്‍  അല്ല
bisleri water
dot image

കടകളില്‍നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ പലരും ബ്രാന്‍ഡിനും വിലയ്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ എല്ലാ കുപ്പിവെള്ളവും ഒരേ വിഭാഗത്തില്‍പ്പെട്ടതല്ല. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറും നാച്ചുറല്‍ മിനറല്‍ വാട്ടറും തമ്മില്‍ പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുണ്ട്. ബിസ്ലേരിയുടെ ഒരു കുടിവെള്ള സാമ്പിളുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ വിവാദം വീണ്ടും ശ്രദ്ധ നേടുമ്പോള്‍ കുപ്പിവെള്ളം വാങ്ങുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 buying bottled water,bisleri water

എന്താണ് ബിസ്ലേരി വിവാദം?

ബിസ്ലേരി ഇന്റര്‍നാഷണലിന്റെ ഗോവയിലെ പ്ലാന്റില്‍നിന്ന് 2025 സെപ്റ്റംബറില്‍ ശേഖരിച്ച ഒരു പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ സാമ്പിളിലാണ് പരിശോധനയില്‍ പ്രശ്‌നം കണ്ടെത്തിയത്. ആദ്യ പരിശോധനയില്‍ വെള്ളത്തില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ലിറ്ററില്‍ 10 മൈക്രോഗ്രാം ആണ് അനുവദനീയമായ പരിധി. എന്നാല്‍ സാമ്പിളില്‍ 12 മൈക്രോഗ്രാം കണ്ടെത്തിയെന്നാണ് ആദ്യ പരിശോധനയിലെ റിപ്പോര്‍ട്ട്. കമ്പനി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ തുടര്‍പരിശോധനയില്‍ പോളിന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) കണ്ടെത്തിയതായും സാമ്പിള്‍ സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ FSSAI അനുമതി നല്‍കി. എന്നാല്‍ ഈ പരിശോധനാഫലങ്ങളെ ബിസ്ലേരി ചോദ്യം ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി നടത്തിയ മറ്റൊരു പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലായിരുന്നുവെന്നാണ് കമ്പനി പറയുന്നത്.

 buying bottled water,bisleri water

എന്താണ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍?

വിവിധ സ്രോതസ്സുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് അണുവിമുക്തമാക്കി കുപ്പികളിലോ മറ്റ് പാക്കേജുകളിലോ നിറച്ച് വില്‍ക്കുന്നതാണ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍. ഭൂഗര്‍ഭജലം, മുനിസിപ്പല്‍ ജലവിതരണം തുടങ്ങിയ സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിക്കാം. വെള്ളത്തിന്റെ ഗുണനിലവാരമനുസരിച്ച് ഫില്‍ട്രേഷന്‍, റിവേഴ്സ് ഓസ്‌മോസിസ് (RO), അള്‍ട്രാവയലറ്റ് (UV) ശുദ്ധീകരണം, ഓസോണേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ ഉപയോഗിക്കാം.

ശുദ്ധീകരണത്തിനുശേഷം വെള്ളം മനുഷ്യര്‍ക്ക് കുടിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ സുരക്ഷ നിര്‍ണയിക്കുന്നത് അത് എവിടെനിന്ന് ശേഖരിച്ചുവെന്നതുമാത്രമല്ല, എങ്ങനെ ശുദ്ധീകരിച്ചു, ഗുണനിലവാര പരിശോധനകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.

 buying bottled water,bisleri water

എന്താണ് നാച്ചുറല്‍ മിനറല്‍ വാട്ടര്‍?

ഭൂമിക്കടിയിലെ സംരക്ഷിത പ്രകൃതിദത്ത ജലസ്രോതസ്സുകളില്‍നിന്നോ കുഴിച്ചെടുത്ത ഭൂഗര്‍ഭ സ്രോതസ്സുകളില്‍നിന്നോ ലഭിക്കുന്ന വെള്ളമാണ് നാചുറല്‍ മിനറല്‍ വാട്ടര്‍. ഇതില്‍ കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ സ്വാഭാവികമായി അടങ്ങിയിരിക്കാം. ഇത്തരം വെള്ളത്തിന്റെ ധാതുഘടനയും ഗുണങ്ങളും താരതമ്യേന സ്ഥിരമായിരിക്കണം. ഉറവിടത്തിന് സമീപം ശുചിത്വമുള്ള സാഹചര്യങ്ങളില്‍ കുപ്പിയിലാക്കുകയും വേണം. സാധാരണ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിനെപ്പോലെ വിപുലമായ ശുദ്ധീകരണ പ്രക്രിയകള്‍ ഇതിന് അനുവദനീയമല്ല.എന്നാല്‍ പ്രകൃതിദത്ത ഉറവിടത്തില്‍നിന്നാണ് വരുന്നതെന്ന കാരണത്താല്‍ മിനറല്‍ വാട്ടര്‍ എല്ലായ്‌പ്പോഴും കൂടുതല്‍ സുരക്ഷിതമാണെന്ന് പറയാനാവില്ല. അതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ലേബല്‍ വായിക്കുക- പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ എന്നാണോ നാചുറല്‍ മിനറല്‍ വാട്ടര്‍ എന്നാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കുക.
  • FSSAI വിവരങ്ങള്‍ പരിശോധിക്കുക- നിര്‍മ്മാതാവിന്റെ വിവരങ്ങളും ബാധകമായ ലൈസന്‍സ് വിവരങ്ങളും ശ്രദ്ധിക്കുക.
  • സീല്‍ ഉറപ്പാക്കുക- തുറന്നതോ ചോര്‍ച്ചയുള്ളതോ ആയ കുപ്പികള്‍ ഒഴിവാക്കുക.
  • നിര്‍മാണ തീയതിയും ബാച്ച് വിവരങ്ങളും നോക്കുക- സുരക്ഷാ മുന്നറിയിപ്പുകളുണ്ടെങ്കില്‍ ഉല്‍പ്പന്നവും ബാച്ചും പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം.
  • വെയിലത്ത് സൂക്ഷിച്ച കുപ്പികള്‍ ഒഴിവാക്കുക- അമിതമായ ചൂടും നേരിട്ടുള്ള സൂര്യപ്രകാശവും ഏല്‍ക്കുന്ന സ്ഥലങ്ങളില്‍നിന്ന് കുപ്പിവെള്ളം വാങ്ങാതിരിക്കുന്നതാണ് നല്ലത്.
 buying bottled water,bisleri water

വില കൂടിയ വെള്ളം കൂടുതല്‍ ആരോഗ്യകരമാണോ?

ഒരു കുപ്പിയിലെ വെള്ളത്തിന്റെ സുരക്ഷയും ധാതുക്കളുടെ അളവും ബ്രാന്‍ഡിന്റെ പേരോ വിലയോ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാവില്ല. ധാതുക്കളുടെ അളവ്, ശുദ്ധീകരണരീതി, പരിശോധനാഫലങ്ങള്‍, പാക്കേജിങ് എന്നിവയാണ് പ്രധാനമായി പരിഗണിക്കേണ്ടത്.

Content Highlights :Mineral water and packaged drinking water are not the same! Learn the key differences. What should you look for on the label when buying bottled water? Is more expensive water safer? Let’s find out

dot image
To advertise here,contact us
dot image