

പാലക്കാട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ബിജെപി നേതാവിന്റെ സഹോദരിക്ക് താത്കാലിക നിയമനം നല്‍കിയതിനെ തുടര്‍ന്ന് പാലക്കാട് കോണ്‍ഗ്രസില്‍ വിഭാഗീയതയും പൊട്ടിത്തെറിയും. ബിജെപി നേതാവും മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ താത്കാലിക നിയമനം നല്‍കിയിരിക്കുന്നത്.
ഈ നിയമനത്തിന് പിന്നില്‍ പാലക്കാട്ടെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം. ബിജെപി നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നിയമനങ്ങളും സഹായങ്ങളും വീതിച്ചു നല്‍കുന്ന നിലപാടാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ അകപ്പെടുകയും ചെയ്ത പ്രവര്‍ത്തകരെ പൂര്‍ണമായും തഴഞ്ഞുകൊണ്ടുള്ള നിയമനം പ്രവര്‍ത്തകരുടെ അതൃപ്തിക്കും വഴിയൊരുക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനത്തെയും അന്തസ്സിനെയും തീര്‍ത്തും വിലകല്‍പ്പിക്കാത്ത രീതിയിലാണ് ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഈ നിയമനം ഉടന്‍ റദ്ദാക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി അധ്യക്ഷനും പരാതി നല്‍കി.
പരാതിയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജി വെയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം ഡിസിസി അധ്യക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയിലെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
Content Highlight: A temporary appointment given to the sister of a BJP leader at the Kerala Agricultural Workers Welfare Fund Board triggers factional tensions in Palakkad Congress