മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; സമൂഹമാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നീക്കാന്‍ ഇടപെട്ടത് സംസ്ഥാന സര്‍ക്കാര്‍

സാമൂഹമാധ്യമ അക്കൗണ്ടായ നോ ക്യാപിന്റെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; സമൂഹമാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നീക്കാന്‍ ഇടപെട്ടത് സംസ്ഥാന സര്‍ക്കാര്‍
dot image

കൊച്ചി: സമൂഹ മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നീക്കാന്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ഉള്ളടക്കം നീക്കാന്‍ ഇടപെട്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്നാണ് വ്യക്തമാകുന്നത്. വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മെറ്റ പ്ലാറ്റ്ഫോമിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സാമൂഹമാധ്യമ അക്കൗണ്ടായ നോ ക്യാപിന്റെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

വിദ്വേഷമുണ്ടാക്കുന്ന ചില കമന്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 28നായിരുന്നു നോ ക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ നിയന്ത്രണം വന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പേജ് പുനഃസ്ഥാപിച്ചത്. നോ ക്യാപ് ചീഫ് എഡിറ്റര്‍ ഹൈദര്‍ അലിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പേജിലെ ഉള്ളടക്കത്തിന് താഴെ വന്ന ചില കമന്റുകള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

Nocap logo

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കുന്നതോ മുഖ്യമന്ത്രിയുടെ ചിത്രം വരുന്നതോ ആയ നിരവധി കണ്ടന്റുകളായിരുന്നു മെറ്റ നീക്കം ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം വരുന്നത് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്താ കാര്‍ഡുകളും മെറ്റ നീക്കം ചെയ്തിരുന്നു. റിപ്പോര്‍ട്ടറിന്റെ മാത്രം നൂറിലധികം വാര്‍ത്താക്കാര്‍ഡുകളാണ് ഇത്തരത്തില്‍ മെറ്റ നീക്കം ചെയ്തത്. ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി കണ്ടന്റുകള്‍ നീക്കം ചെയ്തതിന് പിന്നാലെ വാര്‍ത്തകള്‍ നീക്കാന്‍ സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്. ഇത് തെറ്റാണെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച മറുപടി. വാര്‍ത്തകള്‍ നീക്കിയത് സാങ്കേതിക പിഴവായിരിക്കാമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവ് മുലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും റിപ്പോര്‍ട്ടറിന്റെ പരാതിയില്‍ മെറ്റ മറുപടി നല്‍കിയിരുന്നു. ഇ മെയില്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. വാര്‍ത്തകള്‍ പിന്‍വലിച്ചത് എഐ അധിഷ്ടിത സംവിധാനത്തിലൂടെയാണെന്ന നിലയില്‍ പ്രചരിക്കപ്പെട്ട വാദങ്ങളും മെറ്റ നിഷേധിച്ചിരുന്നു.

Content Highlights: Reports indicate that the Kerala state government intervened to remove news content from social media, raising questions over the Chief Minister’s earlier claim

dot image
To advertise here,contact us
dot image