

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ. റിപ്പോർട്ടറിന് ഇ മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് വാർത്തകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.
വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയിൽ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നിർണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണ് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാരുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് വാർത്ത പിൻവലിച്ചതെന്ന് ഇതിലൂടെ മെറ്റ വ്യക്തമാക്കിയിരിക്കുകയാണ്. വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പ്രശ്നമല്ലെന്ന് മെറ്റ വ്യക്തമാക്കിയതോടെ മെറ്റയുടെ നടപടിയിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായി എന്ന് കൂടിയാണ് വ്യക്തമാകുന്നത്. ഇതോടെ സർക്കാരും മറ്റ് മാധ്യമങ്ങളും പ്രചരിച്ച വാർത്തകളും വിശദീകരണങ്ങളുമാണ് തെറ്റാണെന്ന് തെളിയുന്നത്.
മുഖ്യമന്ത്രിക്ക് എതിരായ വാർത്തകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സങ്കേതിക പിഴവാണെന്നും മെറ്റ വിശദീകരിച്ചു എന്നായിരുന്നു നേരത്തെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. മെറ്റയുടെ നോഡൽ ഓഫീസർ ഈ വിവരം കേരള പൊലീസിൻ്റെ സൈബർ വിങ്ങിനെ ഈ വിവരം അറിയിച്ചുവെന്നായിരുന്നു ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന മെറ്റയുടെ വിശദീകരണത്തോടെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്ന് വിശദീകരിച്ചായിരുന്നു നേരത്തെ മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ കൈകഴുകിയത്. മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്നും വി ഡി സതീശൻ പരിഹാസ രീതിയിൽ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചിരുന്നു.
മുഖ്യമന്ത്രി വിഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും തുടര്‍ച്ചയായി മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളില്‍ പകുതിയോളമാണ് പുനഃസ്ഥാപിച്ചത്. റിപ്പോര്‍ട്ടറിന്റെ അപ്പീലിലാണ് മെറ്റയുടെ ഇടപെടല്‍. അകാരണമായ മീഡിയ സെന്‍സര്‍ഷിപ്പിനെതിരെ മെറ്റ ഗ്രീവന്‍സ് സെല്ലിന് റിപ്പോര്‍ട്ടര്‍ വിശദമായ പരാതി നല്‍കിയിരുന്നു. മാധ്യമ അടിയാന്തരാവസ്ഥയെന്നായിരുന്നു മെറ്റയുടെ നീക്കത്തെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശിച്ചത്.
Content Highlights: Meta has officially confirmed that the news removals were carried out based on complaints and were not caused by a technical error, clarifying the reason behind the content takedowns.