കൊതുകുശല്യവും ദുർഗന്ധവും; ബിനീഷ് ബാസ്റ്റിന്റെ വീടിന് മുന്നിൽ മാലിന്യക്കൂമ്പാരം; പരാതിയിൽ ഇടപെട്ട് കൊച്ചി മേയർ

'അധികൃതരുടെ അനാസ്ഥ തുടര്‍ന്നു പോവുകയാണെങ്കില്‍ ഇനി വോട്ട് ചെയ്യില്ല'

കൊതുകുശല്യവും ദുർഗന്ധവും; ബിനീഷ് ബാസ്റ്റിന്റെ വീടിന് മുന്നിൽ മാലിന്യക്കൂമ്പാരം; പരാതിയിൽ ഇടപെട്ട് കൊച്ചി മേയർ
dot image

കൊച്ചി: വീടിന് മുന്നിലെ മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിച്ച നടന്‍ ബിനീഷ് ബാസ്റ്റിന് പ്രശ്‌നപരിഹാരം ഉറപ്പു നല്‍കി കൊച്ചി മേയര്‍ വി കെ മിനിമോള്‍. കാനയില്‍ നിറയെ മാലിന്യം കെട്ടികിടക്കുകയാണെന്നും ഒരു വര്‍ഷത്തിലധികമായി ഇത് വൃത്തിയാക്കാതെ കിടക്കുകയാണെന്നും ബിനീഷ് സമൂഹ മാധ്യമ വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പങ്കുവെച്ച വീഡിയോയിലൂടെ വീടിനു മുന്നിലായി മാലിന്യം കെട്ടികിടക്കുന്നതും ബിനീഷ് കാണിച്ചിരുന്നു.

ബിനീഷ് ബാസ്റ്റിന്റെ വീടിനു മുന്നിലുള്ള കോര്‍പറേഷന്‍ വക കാനയാണ് ഒരു വര്‍ഷത്തിലധികമായി ശുചീകരിക്കാതെ മാലിന്യം നിറഞ്ഞു കിടക്കുന്നത്. ഇതുവഴി പരിസരപ്രദേശങ്ങളില്‍ വലിയ കൊതുകു ശല്യവും ദുര്‍ഗന്ധവുമുണ്ടാവുന്നതായാണ് ബിനീഷ് ബാസ്റ്റിനും കുടുംബവും വ്യക്തമാക്കുന്നത്.

bineesh bastin about drainage issue
മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടുന്ന ബിനീഷ് ബാസ്റ്റിൻ

മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ കാനയില്‍ നിന്ന് പുഴുക്കളും മുറ്റത്തേക്ക് കയറുന്നതായാണ് ബിനീഷിന്റെ അമ്മ പറയുന്നത്. മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് പലപ്പോഴും മറ്റുള്ളവര്‍ തങ്ങളുടെ വീട്ടിലേക്ക് വരാന്‍ മടിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനടുത്തായി അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു ഫലവും കണ്ടില്ല. കാന വൃത്തിയാക്കുന്നതിനായി ആരും എത്തിയിട്ടില്ല. മഴക്കാലമാവുമ്പോള്‍ വെള്ളം പൊങ്ങും. പലരും പറയുന്നത് വേറെ സ്ഥലത്തേക്ക് മാറാനാണ്. എന്നാല്‍ ഞങ്ങൾ ജനിച്ച സ്ഥലവും നാടും വിട്ട് എവിടെ പോകാനാണെന്നും അവർ ചോദിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നു പോവുകയാണെങ്കില്‍ ഇനി വോട്ട് ചെയ്യില്ല എന്നും വിഡിയോയിലൂടെ ബിനീഷ് പറയുന്നു.

ബിനീഷ് പങ്കുവച്ച വീഡിയോ വൈറലായതോടെ മേയര്‍ വി കെ മിനിമോള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ബിനീഷുമായും കുടുംബവുമായും ഫോണിലൂടെ സംസാരിച്ചു. പ്രദേശം നേരിട്ട് സന്ദര്‍ശിക്കാമെന്നും അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെന്നും മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു.

Content Highlights: Actor Bineesh Bastin’s viral video highlighting a year-long waste issue near his home has prompted Kochi Mayor V.K. Minimol to intervene and assure an urgent solution

dot image
To advertise here,contact us
dot image