CBSE കലോത്സവം: UKG വിദ്യാര്‍ത്ഥികളുടെ ആംഗ്യപ്പാട്ടില്‍ പ്രത്യേക മതത്തിനെതിരെ വിദ്വേഷപരാമര്‍ശം, വിവാദം

സംഭവം ഇതിനോടകം വിവാദമാവുകയും പാട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് പാട്ട് പാടിയത്

CBSE കലോത്സവം: UKG വിദ്യാര്‍ത്ഥികളുടെ ആംഗ്യപ്പാട്ടില്‍ പ്രത്യേക മതത്തിനെതിരെ വിദ്വേഷപരാമര്‍ശം, വിവാദം
dot image

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തില്‍ വിദ്വേഷപരാമര്‍ശം നിറഞ്ഞ വരികള്‍. സിബിഎസ്ഇ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തിലാണ് ഒരു പ്രത്യേക മതവിഭാഗത്തിന് നേരെ വിദ്വേഷപരാമര്‍ശങ്ങള്‍ നിറഞ്ഞ വരികള്‍ ഉള്‍പ്പെടുത്തിയത്.

ആലുവ ക്രൈസ്തവ മഹിളാലയം സ്‌കൂളില്‍ നടന്ന മത്സരത്തിലാണ് യുകെജി വിദ്യാര്‍ത്ഥികള്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നിറഞ്ഞ വരികള്‍ ഉള്‍പ്പെടുത്തിയ ആംഗ്യപ്പാട്ട് പാടിയത്. 15 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. സംഭവം ഇതിനോടകം വിവാദമാവുകയും പാട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് പാട്ട് പാടിയത്.

ഒരു പ്രത്യേക വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ വരികളാണ് വേദിയില്‍ കുട്ടികളെ കൊണ്ട് പാടിച്ചത്. ട്രെയിന്‍ ബോഗികളില്‍ എത്തുന്ന മോഷ്ടാക്കളും റെയില്‍വേ പാളത്തില്‍ ബോംബ് വയ്ക്കുന്ന ഭീകരരും അറബി വേഷവിധാനത്തില്‍ എന്നതായിരുന്നു പാട്ടിലെ വരികള്‍.

Also Read:

കുട്ടികളുടെ വേദിയില്‍ ഗാനം അവതരിപ്പിച്ചപ്പോള്‍ തന്നെ സദസില്‍ ഉണ്ടായിരുന്ന ചിലര്‍ ഇടപെടുകയും വരികളിലെ വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ പാട്ടിന് സമ്മാനം നല്‍കുകയാണെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സംഘാടകര്‍ ഇടപെട്ട് പ്രസ്തുത ടീമിന് സമ്മാനം നല്‍കുന്നത് വിലക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവത്തിലും ഇതേ പാട്ട് തന്നെ മത്സരത്തില്‍ അവതരിപ്പിക്കപ്പെടുകയും സമ്മാനം നേടുകയും ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇത്തരം വരികള്‍ മത്സരത്തില്‍ എങ്ങനെ കടന്നുകൂടി എന്ന് അറിയില്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം. ആരാണ് ഈ പാട്ട് എഴുതിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സ്‌കൂള്‍ മാനേജര്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2010 മുതല്‍ പല സ്‌കൂളുകളും കലോത്സവത്തിന്റെ ഭാഗമായി ഈ ആംഗ്യപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതിന് ഫസ്റ്റ് പ്രൈസ് ലഭിച്ചതുകൊണ്ട് ഇത്തവണയും അത് തന്നെ തിരഞ്ഞെടുത്തതെന്നും അല്ലപ്ര സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ടി ജെ എല്‍ദോസ് പറഞ്ഞു. പാട്ടിലെ വിദ്വേഷ നിരഞ്ഞ വരികള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയി. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കാനും അന്വേഷണം നടത്താനും തയ്യാറാണെന്നും മാനേജര്‍ വ്യക്തമാക്കി.

Content Highlight: In a action song competition organized for students as part of the CBSE arts festival, the lyrics included hate-filled remarks targeting a specific religious group.

dot image
To advertise here,contact us
dot image