അബുദാബി റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്ര കുതിപ്പ്; ഒമ്പത് മാസത്തെ ഇടപാടുകൾ 171 ബില്യൺ ദിർഹം കടന്നു

മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അബുദാബിയുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ അന്താരാഷ്ട്ര നിക്ഷേപകർ അർപ്പിച്ച വലിയ വിശ്വാസമാണ് ഈ വളർച്ച വ്യക്തമാക്കുന്നത്

അബുദാബി റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്ര കുതിപ്പ്; ഒമ്പത് മാസത്തെ ഇടപാടുകൾ 171 ബില്യൺ ദിർഹം കടന്നു
dot image

ആഗോള റിയൽ എസ്റ്റേറ്റ് വിപണിയിൽ ചരിത്രപരമായ വൻ കുതിപ്പുമായി അബുദാബി. 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 171.26 ബില്യൺ ദിർഹമിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യത്തിൽ 76.1 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (ADREC) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ കാലയളവിൽ ആകെ 38,483 ഇടപാടുകൾ നടന്നു. വിദേശ നിക്ഷേപകരുടെ ശക്തമായ വരവും തന്ത്രപ്രധാന മേഖലകളിലെ ഉയർന്ന ഡിമാൻഡുമാണ് ഈ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് പ്രധാന കാരണം.

മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അബുദാബിയുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ അന്താരാഷ്ട്ര നിക്ഷേപകർ അർപ്പിച്ച വലിയ വിശ്വാസമാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. വിദേശ വ്യക്തിഗത നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വർദ്ധിച്ച് 17.22 ബില്യൺ ദിർഹമായി മാറി. യുകെ, ചൈന, റഷ്യ, യുഎസ്, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെ 121 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് അബുദാബി വിപണിയെ നയിക്കുന്നത്. പ്രോപ്പർട്ടി വിൽപ്പനയിലൂടെ മാത്രം 119.33 ബില്യൺ ദിർഹമിന്റെ ഇടപാടുകളാണ് നടന്നത്. മേഖലകളിൽ 29.86 ബില്യൺ ദിർഹമിന്റെ ഇടപാടുകളുമായി അൽ റീം ദ്വീപ് ഒന്നാമതെത്തിയപ്പോൾ, അൽ ഹുദൈരിയത്ത് ദ്വീപ്, അൽ സാദിയാത്ത് ദ്വീപ് എന്നിവ തൊട്ടുപിന്നിൽ ഇടംപിടിച്ചു.

വിപണിയിലെ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിൽ കൈവരിച്ച മുന്നേറ്റത്തോടെ ജാസ് ലീ ലാസാലെ (JLL) ആഗോള റിയൽ എസ്റ്റേറ്റ് സുതാര്യതാ സൂചികയിൽ അബുദാബി എട്ട് സ്ഥാനങ്ങൾ ഉയർന്ന് 33-ാം റാങ്കിലെത്തി. ബ്രോക്കർമാർക്ക് നിർബന്ധിത പരിശീലന പരിപാടികളും ലൈസൻസിംഗ് പരിഷ്കാരങ്ങളും നടപ്പിലാക്കിയതാണ് വിപണിക്ക് കൂടുതൽ കരുത്തായത്. 2030-ഓടെ അബുദാബിയിലെ പുതിയ റിയൽ എസ്റ്റേറ്റ് വിതരണത്തിന്റെ 77 ശതമാനവും സാദിയാത്ത്, റീം, യാസ് ഉൾപ്പെടെയുള്ള ആറ് പ്രധാന ദ്വീപുകളിൽ നിന്നായിരിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Abu Dhabi records AED 171.26 billion in real estate transactions during the first nine months of 2026, marking a 76.1% year-on-year increase

dot image
To advertise here,contact us
dot image