

മലപ്പുറം: മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് മതം പറഞ്ഞാണെന്നുള്ള സിപിഐഎം നേതാവ് കെ ടി ജലീലിന്റെ ആരോപണത്തില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി. മുന്‍പ് മുസ്ലിം ലീഗില്‍ ഉണ്ടായിരുന്നപ്പോള്‍ കാണാത്ത എന്ത് മതവര്‍ഗീയതയാണ് പാര്‍ട്ടി വിട്ട് മറുകണ്ടം ചാടിയപ്പോള്‍ താങ്കള്‍ക്ക് ലീഗില്‍ കാണാന്‍ കഴിഞ്ഞതെന്ന് സ്മിജി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.
മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം എല്ലാ മതങ്ങളെയും ഒരേ മനസ്സോടെ കാണാനാണ് പഠിപ്പിച്ചത്. പാണക്കാട് തറവാട്ട് മുറ്റത്ത് സങ്കടം പറയാന്‍ ക്യൂ നില്‍ക്കുന്നത് മുസ്ലിങ്ങള്‍ മാത്രമല്ല, ഹിന്ദുവും ക്രിസ്ത്യാനിയും പാണനും പറയനും പുലയനുമടക്കം സകല മനുഷ്യരുമുണ്ട്. ജാതിയും മതവും ചോദിച്ചല്ല, കണ്ണീരിന്റെ നനവ് നോക്കിയാണ് പാണക്കാട്ടെ തങ്ങള്മാര് ആ മനുഷ്യരെയെല്ലാം നെഞ്ചോട് ചേര്‍ത്തത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ആ വലിയ പാരമ്പര്യത്തെയാണ് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി താങ്കള്‍ ചെകുത്താനോട് ഉപമിക്കുന്നത്. സംവരണമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റോ മുന്‍സിപ്പല്‍ ചെയര്‍മാനോ ലീഗിനില്ല എന്ന് കള്ളം പറയാന്‍ താങ്കള്‍ക്ക് എങ്ങനെ നാവ് പൊങ്ങുന്നുവെന്നും സ്മിജി ചോദിച്ചു.

മലപ്പുറം ജില്ലയിലെ ലീഗിന്റെയും യുഡിഎഫിന്റെയും എത്രയോ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഹിന്ദുക്കളും ക്രൈസ്തവരുമായ ജനപ്രതിനിധികള്‍ ഭരണനേതൃത്വത്തില്‍ ഇരുന്നിട്ടുണ്ട്. കെ പി രാമന് മാസ്റ്ററും എ പി ഉണ്ണികൃഷ്ണനും യു സി രാമനും ജയന്തി രാജനുമെല്ലാം ലീഗിന്റെ പച്ചക്കൊടിയേന്തി ഉയര്‍ന്നുവന്ന ജനനായകന്മാരാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വരെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ ജയന്തി രാജനെപ്പോലെയുള്ളവരെ താങ്കള്‍ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണോ? അവര്‍ക്ക് നല്കിയ അംഗീകാരം എന്ത് മറുപടിയാണ് താങ്കളുടെ ഈ വ്യാജ ആരോപണങ്ങള്‍ക്ക് നല്‍കുന്നത്? പാര്‍ലമെന്റിലും നിയമസഭയിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി വരുന്ന ഹിന്ദുക്കളെയും ക്രൈസ്തവരെയും സ്വന്തം നെഞ്ചിലേറ്റുന്നവരാണ് ലീഗിന്റെ സാധാരണ അണികള്‍. ആന്റണിയെയും ജോയിയെയും ആര്യാടനെയും മാത്രമല്ല, മലപ്പുറത്തിന്റെ മണ്ണില്‍ യുഡിഎഫ് നിര്‍ത്തുന്ന ഏതൊരു സ്ഥാനാര്‍ത്ഥിയെയും മതത്തിന്റെ വേര്‍തിരിവില്ലാതെ സ്വന്തം സ്ഥാനാര്‍ത്ഥിയായി കണ്ട് വോട്ടുചെയ്ത് ജയിപ്പിക്കുന്നത് ഈ മലപ്പുറത്തെ ലീഗുകാരാണെന്നും സ്മിജി പറഞ്ഞു.

മുസ്ലിം ലീഗ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടും, കുരുപൊട്ടും, അത് സ്വാഭാവികമാണ്. രാഷ്ട്രീയമായി ലീഗിനെ നേരിടാന്‍ ശേഷിയില്ലാതെ വരുമ്പോള്‍ പച്ചക്കള്ളങ്ങളും മതവിദ്വേഷവും കുത്തിവെച്ച് മലപ്പുറത്തെയും ലീഗിനെയും അപരവല്‍ക്കരിക്കുക എന്നത് താങ്കളുടെ ഇപ്പോഴത്തെ പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണ്. മലപ്പുറത്തിന്റെ മണ്ണില്‍ ജീവിച്ച്, ഇവിടുത്തെ സൗഹാര്‍ദ്ദത്തിന്റെ തണല്‍പറ്റി വളര്‍ന്ന്, ഒടുവില്‍ അതേ മണ്ണിനെ വര്‍ഗീയതയുടെ പേരില്‍ ഒറ്റുകൊടുക്കാന്‍ താങ്കള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയും ലീഗിന്റെ ജനപ്രതിനിധികളുടെ ലിസ്റ്റും ഒന്ന് കണ്ണുതുറന്നു നോക്കണം. അന്ധമായ വിദ്വേഷം കൊണ്ട് സത്യം മൂടിവെക്കാന്‍ നോക്കരുത്. ലീഗിനെ തകര്‍ക്കാന്‍ വര്‍ഗീയതയുടെ കാര്‍ഡിറക്കുന്ന ഇത്തരം നെറികെട്ട ശ്രമങ്ങള്‍ തിരിച്ചറിയാതിരിക്കക്കാന് കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്മിജി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍ സെയ്ദിന്റെ വിജയത്തെ പ്രശംസിച്ച് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെ ജലീല്‍ തന്നെ ഇട്ടിരുന്ന ഒരു കമന്റ് വിവാദമായിരുന്നു. 'ലീഗ് 22 മണ്ഡലങ്ങളിലും ജയിച്ചത് മതം പറഞ്ഞാണ്. ലീഗിന്റെ 22 എംഎല്‍എമാരില്‍ ഒന്ന് പോലും ഹിന്ദുവോ ക്രൈസ്തവനോ ഇല്ല. അഞ്ച് എംപിമാരിലും മുസ്ലിങ്ങളല്ലാത്തവര് ഇല്ല. ആ ലീഗ് ജോയിയെ ജയിപ്പിച്ചതിന്റെ മഹത്വം പറയേണ്ട. എസ്സി/എസ്ടി റിസര്‍വേഷനല്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റോ, മുനിസിപ്പല്‍ ചെയര്‍മാനോ ക്രൈസ്തവരെയോ ജനറല്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരെയോ ലീഗ് ആക്കിയിട്ടുണ്ടോ? മുസ് ലിമല്ലാത്ത ഒരു മന്ത്രി ഇന്നോളം ലീഗിന് ഉണ്ടായിട്ടുണ്ടോ? ചെകുത്താന് വേദമോതുന്ന പോലെയാണ് ലീഗിന്റെ മതേതര പ്രസംഗം. ആന്റെണിയെയും ജോയിയേയും ജയിപ്പിച്ചതിന്റെ മഹത്വം പറയുകയല്ല വേണ്ടത്, കോണി ചിഹ്നത്തില്‍ മലപ്പുറത്ത് ഇതര മതസ്ഥരെ മത്സരിപ്പിച്ച് ജയിപ്പിക്കുകയാണ് വേണ്ടത്', എന്നായിരുന്നു കെ ടി ജലീലിന്റെ കമന്റ്.
Content Highlights- Smija has criticised KT Jaleel over his claim concerning reservation in Muslim League-held local body leadership positions.