

കൊച്ചി: മുസ്ലിം ലീഗ് കേരളത്തില്‍ ദുര്‍ബലമായാല്‍ അവരുടെ സ്ഥാനം തീവ്ര ആശയവാദികൾ കയ്യടക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഹിന്ദുക്കളെല്ലാം ആര്‍എസ്എസ് ആകുമോ എന്ന ചോദ്യത്തോടെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. മുസ്ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളില്‍ ചേക്കാറാന്‍ മുട്ടി നില്‍ക്കുന്നവരാണെന്നും അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിര്‍ത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നും അദ്ദേഹം കുറിച്ചു.
ലീഗില്ലാതാകുന്ന നിമിഷം ലീഗില്‍ അണിനിരന്നിരിക്കുന്നവര്‍ കോണ്ഗ്രസ്സിലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലോ മറ്റ് മതേതര പാര്‍ട്ടികളിലോ ചേരാതെ, മുസ്ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവന്‍ മുസ്ലിങ്ങളെയും വിശിഷ്യാ മുസ്ലിംലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണെന്നും ജലീല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ ഹിന്ദുക്കള്‍ മുഴുവന്‍ ആര്‍എസ്എസില്‍ ചേരുമായിരുന്നു എന്ന് പറയുന്നത് പോലെ അസംബന്ധമാണ് ലീഗില്ലെങ്കില്‍ മുസ്ലിംലീഗുകാരായവരെല്ലാം തീവ്ര ആശയഗതിക്കാരുടെ സംഘത്തില്‍ ഉള്‍പ്പെടുമായിരുന്നു എന്ന നിഗമനം.
മുസ്ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണെന്നും ലീഗെന്ന 'വലയില്‍' അവര്‍ പെട്ടില്ലായിരുന്നെങ്കില്‍ മുഴുവന്‍ ലീഗുകാരും മുസ്ലിം തീവ്രഗ്രൂപ്പുകളില്‍ അകപ്പെട്ട് പോകുമെന്നും സമ്മതിക്കാന്‍ അഭിമാന ബോധമുള്ള ലീഗുകാര്‍ക്ക് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സത്യത്തില്‍ അതിനെക്കാള്‍ വലിയൊരപമാനം മുസ്ലിംലീഗുകാര്‍ക്ക് വേറെയുണ്ടോ?. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താന്‍ നടത്തിയ തെറ്റായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ തിരുത്തിക്കണം. ഇതുരണ്ടും നടന്നില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കാന്‍ മുസ്ലിംലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും കെ ടി ജലീല്‍ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കോൺഗ്രസ്സില്ലെങ്കിൽ ഹിന്ദുക്കളെല്ലാം RSS ആകുമോ മുഖ്യമന്ത്രി? ലീഗുകാരല്ലാത്ത മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്ലിങ്ങളെ മുഴുവൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ അപമാനിച്ചിരിക്കയാണ്. ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശൻ്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പൻ മറുപടി ആര്യാടൻ തന്നെ കൊടുക്കുമായിരുന്നു.
സത്യത്തിൽ ലീഗിന് സതീശൻ നൽകിയ അംഗീകാരമുദ്രയാണോ അദ്ദേഹത്തിൻ്റെ പ്രസ്താവന. മുസ്ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളിൽ ചേക്കാറാൻ മുട്ടി നിൽക്കുന്നവരാണെന്നും, അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിർത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിൻ്റെ പച്ചമലയാളത്തിലുള്ള അർത്ഥം.
ലീഗില്ലാതാകുന്ന നിമിഷം ലീഗിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസ്സിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റു മതേതര പാർട്ടികളിലോ ചേരാതെ, മുസ്ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്ലിങ്ങളെയും വിശിഷ്യാ മുസ്ലിംലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്.
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ്സിലെ ഹിന്ദുക്കൾ മുഴുവൻ ആർ.എസ്.എസിൽ ചേരുമായിരുന്നു എന്ന് പറയുന്നത് പോലെ അസംബന്ധമാണ് ലീഗില്ലെങ്കിൽ മുസ്ലിംലീഗുകാരായവരെല്ലാം തീവ്ര ആശയഗതിക്കാരുടെ സംഘത്തിൽ ഉൾപ്പെടുമായിരുന്നു എന്ന നിഗമനം!
മുസ്ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ നേർത്തതാണെന്നും ലീഗെന്ന "വലയിൽ" അവർ പെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ ലീഗുകാരും മുസ്ലിം തീവ്രഗ്രൂപ്പുകളിൽ അകപ്പെട്ടു പോകുമെന്നും സമ്മതിക്കാൻ അഭിമാന ബോധമുള്ള ലീഗുകാർക്ക് എങ്ങിനെ സാധിക്കും?
സത്യത്തിൽ അതിനെക്കാൾ വലിയൊരപമാനം മുസ്ലിംലീഗുകാർക്ക് വേറെയുണ്ടോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി താൻ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണം. അല്ലെങ്കിൽ ഹൈക്കമാൻ്റ് ഇടപെട്ട് അദ്ദേഹത്തെ തിരുത്തിക്കണം. ഇതുരണ്ടും നടന്നില്ലെങ്കിൽ പ്രസ്താവന പിൻവലിക്കാൻ മുസ്ലിംലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം
Content Highlights: KT Jaleel Criticises VD Satheesan Statement On Muslim League In Kerala