മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ

കേരള പത്രപ്രവർത്തക യുണിയന്‍റെയും കേരള ന്യൂസ്​ പേപ്പർ എം​പ്ലോയീസ്​ ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്​ചിതകാല സമരത്തോട്​ മാനേജ്​മെന്‍റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്​ സത്യഗ്രഹ സമരം

മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ
dot image

കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും. നിർബന്ധിത കരാർ വത്കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്​തിപ്പെടുത്തുന്നതിന്​ മാ​നേജ്​മെന്‍റ്​ ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്​റ്റംബർ മൂന്നിന്​ സംയുക്​ത ട്രേഡ്​ യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്‍റെയും കേരള ന്യൂസ്​ പേപ്പർ എം​പ്ലോയീസ്​ ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്​ചിതകാല സമരത്തോട്​ മാനേജ്​മെന്‍റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്​ സത്യഗ്രഹ സമരം.

കരാർ ജീവനക്കാർക്ക്​ മുടക്കമില്ലാതെ കൃത്യമായി ശമ്പളം നൽകുന്ന മാനേജ്​മെന്‍റ്​ സ്ഥിരം തൊഴിലാളികളെ രാജിക്ക്​ നിർബന്ധിതരാക്കുന്നതിന്​ ശമ്പളം ബോധപൂർവം കുടിശ്ശിക വരുത്തുകയാണ്​. ഫെബ്രുവരി ശമ്പളത്തിൽനിന്ന്​ നാമമാത്ര വിഹിതം മാത്രമാണ്​ ഒക്​ടോബർ അവസാനിക്കുമ്പോഴും തൊഴിലാളിക്ക്​ ലഭ്യമായിട്ടുള്ളൂ.

സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ എൻ ഗോപിനാഥ്​, സമര സമിതി ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റുമായ ആർ ചന്ദ്രശേഖരൻ, ​എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സെക്രട്ടറി സി പി മുരളി, എസ്​ടിയു അഖിലേന്ത്യ പ്രസിഡന്‍റ്​ അഹമ്മദ്​കുട്ടി ഉണ്ണികുളം, സേവ ദേശീയ ഉപാധ്യക്ഷ ഡോ. സോണിയ ജോർജ്, എച്ച്​എംഎസ്​ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ മനയത്ത്​ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബിജു ആന്‍റണി, ടി.യു.സി.ഐ സംസ്ഥാന ട്രഷറർ സലിം കുമാർ, എച്ച്​എംകെപി സംസ്ഥാന സെക്രട്ടറി എ എസ്​ രാധാകൃഷ്ണൻ തുടങ്ങിയവർ സത്യഗ്രഹത്തിൽ പ​ങ്കെടുക്കും.

മൂന്നാം മാസത്തിലേക്ക്​ കടക്കുന്ന സമരം അവസാനിപ്പിക്കാൻ ഇനിയെങ്കിലും മുഖ്യമന്ത്രി മുൻകൈ എടുത്ത്​ യോഗം വിളിക്കണമെന്നും തൊഴിൽ വകുപ്പിന്‍റെ റിപ്പോർട്ട്​ നടപ്പാക്കാൻ മാനേജ്​മെന്‍റിനു കർക്കശ നിർദേശം നൽകണമെന്നും സമരസമിതി ചെയർമാൻ ആർ ചന്ദ്രശേഖർ, കൺവീനർ കെ എൻ ഗോപിനാഥ്​, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ പി റജി, ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാൾ, കെഎൻഇഎഫ്​ സംസ്​ഥാന പ്രസിഡന്‍റ്​ വി എസ്​ ജോൺസൺ, ജനറൽ സെക്രട്ടറി ജയ്​സൺ മാത്യു എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Trade union leaders will stage a sit-in protest tomorrow against the alleged denial of salaries to Madhyamam employees, highlighting concerns over the salary dispute

dot image
To advertise here,contact us
dot image