മോഹന്‍ലാലിന്റെ 368ാം ചിത്രം പ്രഖ്യാപിച്ചു, സംവിധാനം അനൂപ് സത്യന്‍; പ്രതീക്ഷയേറ്റി ഫസ്റ്റ് ലുക്ക്

നിര്‍മ്മാണം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍

മോഹന്‍ലാലിന്റെ 368ാം ചിത്രം പ്രഖ്യാപിച്ചു, സംവിധാനം അനൂപ് സത്യന്‍; പ്രതീക്ഷയേറ്റി ഫസ്റ്റ് ലുക്ക്
dot image

മലയാള സിനിമയില്‍ മറ്റൊരു ശ്രദ്ധേയ കൂട്ടുകെട്ടിന് തുടക്കമാകുന്നു. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ പൂജയോടെ തുടക്കമായി. മോഹന്‍ലാലിന്റെ 368-ാമത്തെ ചിത്രമെന്ന പ്രത്യേകതയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ് എന്നീ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ ആണ്. മോഹന്‍ലാലും അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിവ് താരചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. കടലും കായലും പച്ചപ്പും അതിനിടയിലൂടെ നീണ്ടുപോകുന്ന തീരദേശപാതയുമാണ് പോസ്റ്ററിന്റെ പ്രധാന പശ്ചാത്തലം. മുന്‍ഭാഗത്ത് മോഹന്‍ലാലിനൊപ്പം രണ്ട് പെണ്‍കുട്ടികളെയും കാണാം. കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന മോഹന്‍ലാലും നിറമുള്ള കടലാസ് രൂപങ്ങളും ചിത്രത്തിന് വ്യത്യസ്തമായൊരു ഭാവം നല്‍കുന്നു. പോസ്റ്ററിലെ കടലും തീരദേശപാതയും ഒരു യാത്രയുടെ ദൃശ്യാനുഭവം സൃഷ്ടിക്കുമ്പോള്‍ കുട്ടികളുടെ സാന്നിധ്യം കുടുംബബന്ധങ്ങളുടെയും ബാല്യത്തിന്റെയും നിഷ്‌കളങ്കതയുടെയും സാധ്യതകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളായിരിക്കുമോ? തീരദേശ പശ്ചാത്തലത്തില്‍ നടക്കുന്ന കുടുംബകഥയാണോ? അതോ നര്‍മവും വൈകാരികതയും ത്രില്ലറും കലരുന്ന മറ്റൊരു ലോകമാണോ അനൂപ് ഒരുക്കുന്നത്? പോസ്റ്റര്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കഥയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചിത്രം ഒരു കോമഡി ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും അതിനുള്ളില്‍ വൈകാരികമായൊരു പ്രമേയമുണ്ടാകുമെന്നും അനൂപ് സത്യന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോസ്റ്ററിലെ ശാന്തവും മനോഹരവുമായ ദൃശ്യലോകത്തിന് പിന്നില്‍ മറ്റൊരു സിനിമാനുഭവം ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.

അനൂപ് സത്യന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. 2020-ല്‍ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കുടുംബബന്ധങ്ങളും പ്രണയവും നര്‍മവും വൈകാരികതയും ചേര്‍ത്തുള്ള അവതരണത്തിലൂടെ ശ്രദ്ധ നേടി. വര്‍ഷങ്ങള്‍ക്കുശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയതും ചിത്രത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. വ്യത്യസ്ത തലമുറകളുടെ പ്രണയവും കുടുംബജീവിതവും അവതരിപ്പിച്ച രീതിയും പഴയകാല മലയാള സിനിമയുടെ ഊഷ്മളതയും പുതിയ തലമുറയുടെ കാഴ്ചപ്പാടും ചേര്‍ത്തുള്ള അവതരണവും ചിത്രത്തിന്റെ ആകര്‍ഷണങ്ങളായിരുന്നു. തീയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ചിത്രം അനൂപിന് സംവിധായകനെന്ന നിലയില്‍ ശക്തമായ തുടക്കമാണ് നല്‍കിയത്.

ആദ്യ സിനിമയ്ക്കുശേഷം ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അനൂപ് പുതിയ ചിത്രവുമായി എത്തുന്നത്. ഇടവേളയ്ക്കുശേഷം മോഹന്‍ലാലിനെപ്പോലൊരു വലിയ താരത്തെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചതും പ്രേക്ഷകര്‍ക്കിടയില്‍ കൗതുകമുണ്ടാക്കുന്നു. മോഹന്‍ലാലിനുവേണ്ടി ഏറെക്കാലമായി കാത്തുവച്ചിരുന്ന കഥയാണിതെന്നും തിരക്കഥ കേട്ടപ്പോള്‍ നടന് ഇഷ്ടപ്പെട്ട വ്യത്യസ്തമായ ഘടകമാണ് സിനിമ വേഗത്തില്‍ മുന്നോട്ടുപോകാന്‍ കാരണമായതെന്നും അനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ സാങ്കേതികസംഘവും ശ്രദ്ധേയമാണ്. 'ഭ്രമയുഗം' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഷെഹ്നാദ് ജലാല്‍ ഐ.എസ്.സി. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 'തുടരും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കൈതപ്രമാണ് ഗാനരചന നിര്‍വഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും അനില്‍ രാധാകൃഷ്ണന്‍ ലൊക്കേഷന്‍ സൗണ്ട്, സൗണ്ട് ഡിസൈന്‍ വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നു. സുജിത്ത് സുധാകരനാണ് വസ്ത്രാലങ്കാരം. സ്റ്റണ്ട് സില്‍വ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അക്ഷയ് പ്രകാശാണ് പി ആര്‍ ഒ.

മോഹന്‍ലാലിനൊപ്പം മുകേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹാസ്യനിമിഷങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഓര്‍മയിലുണ്ട്. ഈ കൂട്ടുകെട്ടിന്റെ പുതിയ അവതരണം എങ്ങനെയായിരിക്കുമെന്നതും കാത്തിരിപ്പിന് കാരണമാണ്.

മോഹന്‍ലാലിന്റെ താരമൂല്യം, അനൂപ് സത്യന്റെ പുതിയ സിനിമാസങ്കല്‍പ്പം, അഖില്‍ സത്യന്റെ സമീപകാല വിജയങ്ങള്‍, സത്യന്‍ അന്തിക്കാടിന്റെ സിനിമാപാരമ്പര്യം, ആശീര്‍വാദ് സിനിമാസിന്റെ നിര്‍മാണപങ്കാളിത്തം എന്നിവയെല്ലാം ചിത്രത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. അച്ഛന്റെ സിനിമകളിലൂടെ മലയാളികള്‍ പരിചയിച്ച മോഹന്‍ലാലിനെ മകന്റെ സംവിധാനത്തില്‍ പുതിയൊരു ഭാവത്തില്‍ കാണാനാകുമോ? 368-ാമത്തെ ചിത്രം മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ മറ്റൊരു ശ്രദ്ധേയ അധ്യായമാകുമോ? ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Mohanlal's 368th film announcedm directed by Anoop Sathyan

dot image
To advertise here,contact us
dot image