'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു, നടപടി വേണം'; എം വി ഗോവിന്ദൻ

ജനാധിപത്യ വിരുദ്ധമായ കടന്നാക്രമണത്തിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ

'ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു, നടപടി വേണം'; എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎസ്‌യു തെരഞ്ഞെടുപ്പിനിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വളരെ ക്രൂരമായ കടന്നാക്രമണമാണ് നടന്നതെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ നേതാക്കളെ ആശുപത്രയില്‍ കയറി ആക്രമിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ ദൃങ്ങള്‍ അടക്കം പങ്കുവെച്ചാണ് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.

ഒരുകൂട്ടം എംഎസ്എഫ് ഗുണ്ടകള്‍ ആശുപത്രിയില്‍ കയറി എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐക്കാര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പൊലീസിന്റെ സാന്നിധ്യത്തിലാണ് അഴിഞ്ഞാട്ടം നടത്തിയത്. ആശുപത്രിയിലെത്തിയ എസ്എഫ്‌ഐ നേതാക്കളെ അത്യാഹിത വിഭാഗത്തില്‍ കയറി ആക്രമിച്ചു. ജനാധിപത്യ വിരുദ്ധമായ കടന്നാക്രമണത്തിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിക്കണം. ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, KSU നേതാക്കളാണ് ആക്രമണം നടത്തിയത്. വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Also Read:

അതിഗൗരവമുള്ള പ്രശ്‌നമാണ് നടന്നത്. സമ്പന്നമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മക്കള്‍ക്ക് എന്തും ചെയ്യാം എന്ന അവസ്ഥ കേരളത്തിലുണ്ട്. കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് അവിടെയുണ്ടായത്. പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി അതിക്രമം നടത്തിയ ക്രൂര സംഘത്തിനെതിരെ നടപടി എടുത്ത് അറസ്റ്റ് ചെയ്യണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പ്രതിരോധവും പ്രതിഷേധവും തിരിച്ചടിയും ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ പ്രതികരിച്ച് വി സി ഡോ. പി രവീന്ദ്രനും രംഗത്ത് വന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം അക്രമം ആണെങ്കില്‍ വേണ്ടെന്ന് വെയ്ക്കണമെന്ന് വി സി വിമര്‍ശിച്ചു. ക്യാമ്പസ് തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ കുറിച്ച് ഉത്തമ ബോധ്യം ഉണ്ടാക്കാനാണ്. അത് മനുഷ്യവിരുദ്ധമായാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. ഈ ഗുണ്ടാ ജനാധിപത്യത്തെ നിരോധിക്കണമെന്നും കാലിക്കറ്റ് വി സി പറഞ്ഞു.

Also Read:

അതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ ബഷീര്‍ പ്രതികരിച്ചു. സമാധാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവരെയും അനുവദിക്കണമെന്നും പൊലീസ് നിഷ്പക്ഷമായി പെരുമാറണമെന്നും പി കെ ബഷീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐക്കാര്‍ നടത്തിയത് ക്രൂരമായ അക്രമമാണെന്നും കലാലയങ്ങളെ കലാപ കേന്ദ്രങ്ങളാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മന്ത്രി വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസ് എസ്എഫ്‌ഐയുടെ കുത്തകയല്ലെന്നും എസ്എഫ്‌ഐക്കാര്‍ കയറിനിരങ്ങിയാല്‍ എംഎസ്എഫുകാര്‍ മിണ്ടാതെ സഹിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

Content Highlights: CPI(M) State Secretary M.V. Govindan criticised the alleged assault of SFI workers by MSF activists during the CSU election at the University of Calicut in Malappuram.

dot image
To advertise here,contact us
dot image