'ഇത്രയും കാലം സ്ഥാപനത്തിനായി പണിയെടുത്ത തൊഴിലാളികളാണ് വിലാപവുമായി വന്നുനിൽക്കുന്നത്; കണ്ടില്ലെന്ന് നടിക്കരുത്'

മാധ്യമം ദിനപത്രത്തിലെ ശമ്പള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍

'ഇത്രയും കാലം സ്ഥാപനത്തിനായി പണിയെടുത്ത തൊഴിലാളികളാണ് വിലാപവുമായി വന്നുനിൽക്കുന്നത്; കണ്ടില്ലെന്ന് നടിക്കരുത്'
dot image

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ചെയ്ത ജോലിയുടെ കൂലിക്കു വേണ്ടി വിലപിക്കേണ്ടിവരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് കെ സച്ചിദാനന്ദന്‍, കെ ജി എസ്, സാറാ ജോസഫ്, അന്‍വര്‍ അലി, വി കെ ശ്രീരാമന്‍, പി എന്‍ ഗോപീകൃഷ്ണന്‍, സുനില്‍ പി ഇളയിടം, റഫീഖ് അഹമ്മദ്, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി ഡി രാമകൃഷ്ണന്‍ തുടങ്ങി എഴുപതിലധികം വരുന്ന കലാസാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിൽ വ്യക്തമാക്കി.

ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ച് ജീവനക്കാരെ നിര്‍ബന്ധമായി കരാര്‍വത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമം മുന്നോട്ടുവെച്ച കോര്‍പറേറ്റ് വിരുദ്ധ ആശയങ്ങള്‍ക്ക് എതിരാണ്. അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്രയും കാലം സ്ഥാപനത്തിന് വേണ്ടി പണിയെടുത്ത തൊഴിലാളികളാണ് വിലാപവുമായി വന്നുനില്‍ക്കുന്നതെന്നും അത് കണ്ടില്ലെന്ന് നടിക്കുന്നത് അപരിഷ്‌കൃതമായ നടപടിയാണെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു മുന്നോട്ടുപോകണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

സി എസ് ചന്ദ്രിക, വീരാന്‍കുട്ടി, ഡോ. എം വി നാരായണന്‍, ജെ. ദേവിക, ഡോ. ആസാദ്, കെ സി നാരായണന്‍, റാം മോഹന്‍ പാലിയത്ത്, പി പി രാമചന്ദ്രന്‍, പി രാമന്‍, പി എഫ് മാത്യൂസ്, അഷ്ടമൂര്‍ത്തി, ടി ടി ശ്രീകുമാര്‍, സുജ സൂസന്‍ ജോര്‍ജ്, മാലാ പാര്‍വതി, സുസ്മേഷ് ചന്ദ്രോത്ത്, ബി കെ ഹരിനാരായണന്‍, ഇര്‍ഷാദ് അലി, സി ആര്‍ നീലകണ്ഠന്‍, ജമാല്‍ കൊച്ചങ്ങാടി, പ്രൊഫ. എസ് ശാരദക്കുട്ടി, ഇ പി രാജഗോപാലന്‍, കെ അജിത, ആഷിക്ക് അബു, ഡോ. എം എ റഹ്മാന്‍, എം സുചിത്ര, ഗോമതി (പൊമ്പിള ഒരുമൈ), ഡോ. ബ്രഹ്മപുത്രന്‍, ജോളി വി ചിറയത്ത്, ശീതള്‍ ശ്യാം, ശ്രീജിത്ത് ദിവാകരന്‍, എന്‍ പി സജീഷ്, അഡ്വ. വി എന്‍ ഹരിദാസ്, അഡ്വ. ഹരീഷ് വാസുദേവന്‍, സൈനുല്‍ ആബിദ്, സുനില്‍ അശോകപുരം, ജി പ്രജേഷ് സെന്‍, ഡോ. അനു പാപ്പച്ചന്‍, സനീഷ് എളയിടത്ത്, ടി ജി നിരഞ്ജന്‍, ശൈലന്‍, ഡോ. അനില്‍ ചേലേമ്പ്ര, രാജീവ് ആലുങ്കല്‍, കെ ഗോവിന്ദന്‍, കെ സഹദേവന്‍, ഡോ. എം സാഹിറ, സി എസ് മീനാക്ഷി, അഡ്വ. പി എം ആതിര, ഉള്ളാട്ടില്‍ അച്ചു, മണിലാല്‍, ജി ബിജു മോഹന്‍, നന്ദിനി മേനോന്‍, രാജു അപ്സര, ഉമേഷ് വള്ളിക്കുന്ന്, സുരേഷ് എം ജി, എം എ ജോണ്‍സണ്‍, ജയന്‍ മങ്ങാട്, സുനില്‍ ലിനസ് ഡെ, എം. രാമചന്ദ്രന്‍, ഡോ. ഹരികൃഷ്ണന്‍, മുരളി വെട്ടത്ത്, കെ എം ഗഫൂര്‍, ഡിജുമോന്‍ കെ പി, അമൃത കെ പി എന്‍, സി കെ ഹസ്സന്‍ കോയ, സണ്ണി ജോസഫ്, ഡോ. നജീബ്, ഫൈസല്‍ ബാവ, പി എസ് ഷാനു, ഡോ. രമ, വേലായുധന്‍ പി, സൂനു തയ്യൂര്‍, മനൂപ് ചന്ദ്രന്‍, സജിത്ത് മരക്കാര്‍, രവി പരുത്തിപ്ര, സി.പി ബാലസുബ്രഹ്മണ്യന്‍, കരീം അയിനിപ്പുള്ളി, ഡോ. വിനി, കെ പി അജിത് കുമാര്‍, ഡോ. ഷാഫി, ഷൈന്‍രാജ് എന്‍ പി, ഡോ. വി രമ കുമാരി, അക്ബര്‍ പെരുമ്പിലാവ്, ഡോ. ഉണ്ണികൃഷ്ണന്‍, ഒമര്‍ ഷെരീഫ്, ധന്യ ലാല്‍, അബ്ദുല്‍ ബഷീര്‍, ജിതേഷ് കെ എം, ഇ എ സലിം, കെ കെ അബ്ദുല്ല, ഗീത ശ്രീരാമന്‍, ഡോ. രാജേഷ് കൃഷ്ണന്‍, ജയന്‍ കൈപ്ര തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

പ്രസ്താവനയുടെ പൂര്‍ണ രൂപം

കുറഞ്ഞ കാലം കൊണ്ട് മലയാളിയുടെ പൊതുമണ്ഡലത്തില്‍ ഇടംപിടിച്ച മാധ്യമം ദിനപത്രം നീതി നിഷേധങ്ങള്‍ക്കെതിരില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ ദിനപത്രം കൂടിയാണ്. ആ ശബ്ദത്തിനൊപ്പം കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാക്കുകൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ചേര്‍ന്നു നിന്നിട്ടുണ്ട്. എന്നാല്‍, ആ പത്രത്തിലെ ജീവനക്കാര്‍ക്കു തന്നെ എട്ട് മാസത്തോളമുള്ള ശമ്പള കുടിശ്ശികക്കായി സ്ഥാപനത്തിനു മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യേണ്ടിവരുന്നത് എത്രയോ ദയനീയമായ കാഴ്ചയാണ്. ചെയ്ത ജോലിയുടെ കൂലിക്കു വേണ്ടി വിലപിക്കേണ്ടിവരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. അത്തരം നീതിനിഷേധങ്ങളുടെ ദീര്‍ഘകാലം താണ്ടിയാണ് നാം ഇന്ന് കാണുന്ന കേരളം പടുത്തുയര്‍ത്തിയത്. അതില്‍ നിന്നുള്ള തിരിച്ചു പോക്ക് ഒട്ടും അഭിലഷണീയമല്ല.

ഈ ജീവനക്കാര്‍ക്കും കുടുംബങ്ങളുണ്ട്. അവര്‍ക്കും നിത്യ ചെലവുകള്‍ നടത്തേണ്ടതുണ്ട്. അവരുടെ മക്കള്‍ക്കും വിദ്യാഭ്യാസം ചെയ്യേണ്ടതുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്തു പോലും നാമമാത്രമായ തുകയാണ് ശമ്പളമായി അവര്‍ക്ക് കിട്ടിയത്. നമ്മള്‍ പറയുന്ന വാക്കുകള്‍ സത്യമാകുന്നത് നമ്മള്‍ അത് പ്രവര്‍ത്തിക്കുമ്പോഴാണ്. അതുകൊണ്ട് മാധ്യമം ജീവനക്കാരുടെ ഈ സമരത്തെ മാനേജ്‌മെന്റ് മുഖവിലയ്‌ക്കെടുക്കണം. അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ച് അവരെ നിര്‍ബന്ധമായി കരാര്‍വത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമം മുന്നോട്ടുവെച്ച കോര്‍പറേറ്റ് വിരുദ്ധ ആശയങ്ങള്‍ക്കു തന്നെ എതിരാണ്.

ഇത്രയും കാലം നിങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത തൊഴിലാളികളാണ് നിങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ ഈ വിലാപവുമായി വന്നുനില്‍ക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കുന്നത് അപരിഷ്‌കൃതമായ നടപടിയാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു മുന്നോട്ടുപോകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Content Highlights: cultural activists seek solution to madhyamam employee salary dispute

dot image
To advertise here,contact us
dot image