സമരം നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്,ഞങ്ങള്‍ വഴങ്ങില്ല; സമരം കടുപ്പിച്ച് LPST ഉദ്യോഗാര്‍ത്ഥികൾ

അനുപാതം കുറയ്ക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയാണെങ്കില്‍ 10,000 അധ്യാപകര്‍ക്ക് 100 ദിന കര്‍മ്മപരിപാടിയില്‍ എങ്ങനെ ജോലി കൊടുക്കും?

സമരം നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്,ഞങ്ങള്‍ വഴങ്ങില്ല; സമരം കടുപ്പിച്ച് LPST ഉദ്യോഗാര്‍ത്ഥികൾ
dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരം കടുപ്പിച്ച് LPST ഉദ്യോഗാര്‍ത്ഥികള്‍. നിരാഹാര സമരത്തിന് പുറമെ ദിവസവും വ്യത്യസ്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസം സമരസമിതി നേതാവ് വളര്‍മതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചതിന് പിന്നാലെ രാപകല്‍ സമരവും തുടങ്ങി. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ആദ്യം തന്ന ഉറപ്പുകള്‍ ഉത്തരവുകള്‍ ആക്കി സമരപ്പന്തലില്‍ എത്തിക്കട്ടെ എന്നും വളര്‍മതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ടീച്ചര്‍മാരുടെ ജോലി നിര്‍ണയിക്കപ്പെടുന്നത്. ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ തിങ്ങിനിറഞ്ഞ ക്ലാസുകളുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കുറയ്ക്കണം. കുട്ടികളുടെ ചിന്തകള്‍ പരിപോഷിപ്പിക്കാന്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കണം. എല്ലാ മേഖലയിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ തന്നെ വിഷയം പഠിച്ച് തീരുമാനമെടുക്കണം'. അനുപാതം കുറയ്ക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയാണെങ്കില്‍ 10,000 അധ്യാപകര്‍ക്ക് 100 ദിന കര്‍മ്മപരിപാടിയില്‍ എങ്ങനെ ജോലി കൊടുക്കും എന്നും വളര്‍മതി ചോദിച്ചു.

സമരം നിര്‍ത്തി പോകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ വഴങ്ങില്ല. ആവശ്യം ന്യായമാണെന്ന ഉത്തമബോധ്യമുണ്ട്. ഇത്രയും ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിരിക്കണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും വളര്‍മതി ചോദിച്ചു.

അതേസമയം, ഒഴിവുകള്‍ക്ക് അനുസരിച്ച് മാത്രമേ നിയമനം സാധ്യമാകൂവെന്നും ചെയ്യാന്‍ പറ്റാത്തത് നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി കിട്ടണമെന്ന് തന്നെയാണ് തന്റെയും സര്‍ക്കാരിന്റെയും കാഴ്ചപ്പാട്. ഒഴിവുള്ളതിനനുസരിച്ച് അല്ലേ നിയമനം നല്‍കാന്‍ കഴിയൂ. അത് ഈ റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ ലിസ്റ്റുകളിലും അങ്ങനെ തന്നെയാണ്. ബന്ധപ്പെട്ട ഡിഡിഇയുമായി വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച അഞ്ചില്‍ നാല് നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഒന്നു മാത്രമാണ് അംഗീകരിക്കാന്‍ പ്രയാസമുള്ളതായിട്ടുണ്ടായിരുന്നത്.'

ഒരു സര്‍ക്കാരിനെ ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് വിചിത്രമാണെന്നും മന്ത്രി പ്രതികരിച്ചു. 1:25 അനുപാതം നടപ്പിലാക്കുന്നത് ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇപ്പോള്‍ അങ്ങനെ ഒരു കുറവ് വരുത്താന്‍ വകുപ്പ് അനുകൂലമല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാരിന് ഈ അനുപാതം അംഗീകരിക്കാന്‍ കഴിയില്ല. സമരത്തെ നേരിടുന്ന പ്രശ്‌നമില്ല, കേരളത്തിലെ പൊതുസമൂഹം ഇത് കാണുന്നുണ്ട്, അവര്‍ ചര്‍ച്ച ചെയ്യട്ടെ എന്നും മന്ത്രി പറഞ്ഞു.

ചെയ്യാവുന്ന സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ട്. ചെയ്യാന്‍ പറ്റാത്തത് നിര്‍ബന്ധിച്ച് ചെയ്യിക്കാൻ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. രാജ്യത്ത് ഒരുപാട് റാങ്ക് ലിസ്റ്റുകള്‍ ഉണ്ടല്ലോ എല്‍പിഎസ്ടിക്കാര്‍ മാത്രമല്ലല്ലോ. സമരം രാഷ്ട്രീയ പ്രേരിതമാണ് എന്ന് താന്‍ ആരോപിക്കുന്നില്ല, പക്ഷേ അങ്ങനെയൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറല്ലെങ്കില്‍ വിളിച്ചിട്ട് കാര്യമില്ലല്ലോ. ഇതിനു മുന്‍പുള്ള സര്‍ക്കാരില്‍ ഒരാളെയും കാണാനും മിണ്ടാനും അവര്‍ക്ക് പറ്റിയിട്ടില്ല. ഞങ്ങള്‍ എട്ടുതവണയാണ് ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രിയെയും നേരില്‍ കണ്ടുവെന്നും എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു.

Content Highlights: LPST candidates intensify their protest outside the Kerala Secretariat as Valarmathi continues her hunger strike. The protesters are demanding teacher appointments and a reduction in the student-teacher ratio

dot image
To advertise here,contact us
dot image