2030ഓടെ 1,000ത്തിലധികം എഐ കമ്പനികൾ; പുതിയ പദ്ധതിയുമായി ദുബായ്

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡിഐഎഫ്‌സി) ഭാഗമായ ദുബായ് എഐ ക്യാമ്പസും യുഎഇ എഐ സഹമന്ത്രിയുടെ ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്

2030ഓടെ 1,000ത്തിലധികം എഐ കമ്പനികൾ; പുതിയ പദ്ധതിയുമായി ദുബായ്
dot image

2030ഓടെ ദുബായ് എഐ ക്യാമ്പസിലേക്ക് 1,000ത്തിലധികം എഐ കമ്പനികളെ ആകർഷിക്കാനും 5,000ത്തിലധികം ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പുതിയ തന്ത്രപരമായ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിലാണ് പ്രഖ്യാപനം. ഫെസ്റ്റിവലിൽ നൂറിലധികം രാജ്യങ്ങളിൽനിന്നായി 20,000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. നയരൂപീകരണ വിദഗ്ധർ, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ, സംരംഭകർ എന്നിവർക്കൊപ്പം 150ലധികം പ്രഭാഷകരും 500 നിക്ഷേപകരും 200 പ്രദർശകരും മേളയുടെ ഭാഗമാണ്. ‘Where Intelligence Meets Opportunity’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ, എഐ സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലുള്ള ഉപയോഗവും സാധ്യതകളും ചർച്ച ചെയ്യുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡിഐഎഫ്‌സി) ഭാഗമായ ദുബായ് എഐ ക്യാമ്പസും യുഎഇ എഐ സഹമന്ത്രിയുടെ ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിനും നിർദേശങ്ങൾക്കും അനുസൃതമായി സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിലും നൂതന സാങ്കേതികവിദ്യകളിലും നിക്ഷേപം തുടരുകയാണ് ദുബായിയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ആഗോളതലത്തിൽ സാങ്കേതികവും സാമ്പത്തികവുമായ പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നായി എഐ മാറിയിട്ടുണ്ട്. ബിസിനസ് മേഖലകളിൽ പരിവർത്തനം സൃഷ്ടിക്കാനും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും എഐയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന അടിസ്ഥാന സൗകര്യങ്ങൾ, വഴക്കമുള്ള നിയന്ത്രണ സംവിധാനങ്ങൾ, ആഗോളതലത്തിലെ മികച്ച പ്രതിഭകളിലേക്കും വിദഗ്ധരിലേക്കുമുള്ള പ്രവേശനം എന്നിവയിലൂടെ എഐ രംഗത്തെ മുൻനിര കേന്ദ്രമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

പൊതുമേഖലയും സ്വകാര്യ മേഖലയിലെയും സഹകരണം ശക്തിപ്പെടുത്തി സാങ്കേതികവിദ്യയുടെ സാധ്യതകളെ സുസ്ഥിരമായ സാമ്പത്തിക മൂല്യമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് എഐ ക്യാമ്പസിന്റെ പ്രവർത്തന പുരോഗതിയും നിക്ഷേപ നേട്ടങ്ങളും ഷെയ്ഖ് ഹംദാനോട് ഡിഐഎഫ്‌സി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരിഫ് അമീരി വിശദീകരിച്ചു. 2024 മേയിൽ ആരംഭിച്ച ക്യാമ്പസ്, അഞ്ച് വർഷത്തേക്കായി നിശ്ചയിച്ചിരുന്ന കമ്പനികളുടെ എണ്ണവും നിക്ഷേപവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ രണ്ടുവർഷം മുമ്പേ മറികടന്നതായി അധികൃതർ അറിയിച്ചു. ക്യാമ്പസിൽ ഇതിനകം 500ലധികം എഐ കമ്പനികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഇക്വിറ്റി, വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളിൽ നിന്നായി ഈ കമ്പനികൾക്ക് ആകെ ഒരു ബില്യൺ ദിർഹത്തിലധികം നിക്ഷേപം ലഭിച്ചു. 2,000ത്തിലധികം സാങ്കേതികവിദ്യാ മേഖലയിലെ വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ക്യാമ്പസിന് കഴിഞ്ഞു എന്നും അധികൃതർ പറഞ്ഞു.

Content Highlights: Dubai AI Campus aims to attract more than 1,000 artificial intelligence companies and create over 5,000 highly skilled jobs by 2030 under new targets approved by Sheikh Hamdan bin Mohammed.

dot image
To advertise here,contact us
dot image