

തിരുവനന്തപുരം: ആരോഗ്യ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ടാസ്ക് ഫോഴ്സിലുള്ള അംഗങ്ങള്‍ ആരോപണ വിധേയരാണ്. എല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്ന അജണ്ട ആരോഗ്യ മേഖലയില്‍ നടപ്പിലാക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ പോലെ നല്ല രീതിയില്‍ പോകുന്ന ആരോഗ്യ മേഖലക്ക് ഉത്തർപ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയുടെ ആവശ്യം എന്തിനാണ്? എസ്എംഎ വിവാദത്തില്‍ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം. മുന്‍ ആരോഗ്യ മന്ത്രിമാരെ കെ മുരളീധരന് വ്യക്തിപരമായി അധിക്ഷേപിക്കുകയാണുണ്ടായത്. ഉത്തരം മുട്ടുമ്പോള്‍ വ്യത്തികെട്ട രീതിയിലാണ് ആരോഗ്യ മന്ത്രി പ്രതികരിക്കുന്നത്. എം വി ഗോവിന്ദന് പറഞ്ഞു.
എസ്എംഎ മരുന്ന് വിവാദത്തിലും എം വി ഗോവിന്ദന് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. ക്ലിനിക്കല്‍ ടെസ്റ്റിന് ഉള്ള മരുന്നുകള്‍ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കില്‍ എന്തിനാണ് മരുന്ന് പിന്‍വലിച്ചതെന്നും എം വി ഗോവിന്ദന് ചോദിച്ചു. ഈ മരുന്നിന്റെ ക്ലിനിക്കില്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ? രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ഗുണപരിശോധന നടത്തിയിട്ടുണ്ടോ? ടെന്‍ഡര്‍ വിളിക്കാന്‍ കാലതാമസം വന്നത് എന്തിന്? ഒരു കമ്പനിക്ക് വേണ്ടി മാത്രം പ്രത്യേക ഇളവ് നല്‍കിയത് എന്തിന് ? കുട്ടികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും എം വി ഗോവിന്ദന് ചോദിച്ചു.
പി പി ദിവ്യയുമായി ബന്ധപ്പെട്ട വിഷയത്തിലും എം വി ഗോവിന്ദന് പ്രതികരിച്ചു. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട കാര്യമില്ല, കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യും. വിജിലന്‍സ് അന്വേഷണത്തില്‍ പാര്‍ട്ടി സംരക്ഷണം കൊടുക്കണോ എന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. കേസിന്റെ രാഷ്ട്രീയം ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കിഫ്ബിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍വഹിക്കുകയാണെന്നും എം വി ഗോവിന്ദന് ആരോപിച്ചു. കിഫ്ബി പദ്ധതികള്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് നടപ്പാക്കിയത്. നാഷണല്‍ ഹൈവേ ഉണ്ടാകുന്നത് കിഫ്ബി വഴിയാണ്. കിഫ്ബി വഴി പ്രഖ്യാപിച്ച പല പ്രധാന പദ്ധതികളും ഇല്ലാതാകാന്‍ പോകുന്നുവെന്നും ഗോവിന്ദന് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബി നേരിട്ടല്ല. തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയാണ് അത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
Content Highlights: CPI(M) Kerala state secretary MV Govindan accuses the UDF government of weakening KIIFB and undermining Kerala’s development projects. He also raises questions over the SMA medicine controversy, and says the Kannur district committee will handle the issue concerning PP Divya and the Vigilance investigation