ആവേശകരമായ വിധി, ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു; CMRL കസിലെ സുപ്രീം കോടതി ഉത്തരവില്‍ M V ഗോവിന്ദൻ

ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നെന്നും എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു

ആവേശകരമായ വിധി, ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു; CMRL കസിലെ സുപ്രീം കോടതി ഉത്തരവില്‍ M V ഗോവിന്ദൻ
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസിലെ സുപ്രീം കോടതി വിധിയെ നിയമവാഴ്ച ഉയര്‍ത്തിപിടിക്കുന്ന ഉത്തരവായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് പിണറായിക്കെതിരെ കെട്ടിച്ചമക്കാന്‍ ശ്രമിച്ച കേസാണ്. ഇത് രാഷ്ട്രീയമാണെന്ന് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വളരെ ആവേശകരമായ വിധിയാണ് വന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നു. എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തില്‍ ആണ് ഉടന്‍ എഫ്‌ഐആറുമായി മുന്നോട്ട് പോയത്. തങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും അംഗീകരിക്കുന്ന വിധി ആണ് സുപ്രീം കോടതിയില്‍ നിന്ന് വന്നത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇഡി - വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവെന്ന് സിപിഐഎം നേതാവ് പി രാജീവും പ്രതികരിച്ചു. ഹൈക്കോടതിയില്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സുപ്രീം കോടതി ശരിവച്ചു. വളരെ കൃത്യമായി ഉന്നതനീതിപീഠം കാര്യങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കേണ്ടത് ആയിരുന്നെന്നും രാജീവ് ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് വിധി വന്ന ഉടന്‍ തന്നെ തിരക്കിട്ട് സര്‍ക്കാര്‍ ഇടപെട്ടു. തങ്ങള്‍ ഇച്ഛിച്ചത് കിട്ടി എന്ന രീതിയില്‍ ആയിരുന്നു തിടുക്കം. സര്‍ക്കാരിന്റെ തിടുക്കം ദേശീയതലത്തിലെ കോണ്‍ഗ്രസ്സിന്റെ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. അന്വേഷണം സ്റ്റേ ചെയ്തതോടെ എഫ്‌ഐആര്‍ ഇല്ലാതാവും. അപ്പോള്‍ ഇസിഐആറിനും സാധുത ഇല്ലാതാവും. എന്നിട്ടും ഇഡി വരികയാണെങ്കില്‍ പിന്നിലെ രാഷ്ട്രീയം വ്യക്തമല്ലേ എന്നും രാജീവ് ചോദിച്ചു.

സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. സര്‍ക്കാര്‍ അപ്പീല്‍ പോവണം ആയിരുന്നെന്നും എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും ഐസക്ക് ചൂണ്ടിക്കട്ടി.

അതേസമയം സുപ്രീം കോടതി ഒരാഴ്ചയ്ക്കുള്ള സ്റ്റേ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും എഫ്‌ഐആറിനോ ഇസിഐആറിനോ ബാധികമല്ലെന്നായിരുന്നു ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ ശ്രമം രാഹുല്‍ഗാന്ധി നേതൃത്വത്തില്‍ നടന്നെന്നും രാഹുലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വി ഡി സതീശന്‍ ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ പ്രത്യുപകരമാണ് എം എ ബേബിയുടെ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയിലെ പ്രതികരണം. ആസൂത്രിതമായി സിപിഐഎം കോണ്‍ഗ്രസിന് ഒത്താശ ചെയ്തു നല്‍കുന്നു. കേസുമായി മുന്നോട്ടു പോകുന്നതില്‍ യാതൊരു തടസ്സവും ഈ വിധിയില്‍ ഇല്ല. ഇന്നത്തെ വിധിയിലൂടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം പുറത്തുവന്നിരിക്കുന്നെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇല്ലായ്മയിൽ രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: CPM state secretary MV Govindan described the Supreme Court verdict in the CMRL-Exalogic case as a decision upholding the rule of law. He alleged that the case against Pinarayi Vijayan was politically motivated and said the verdict supported the arguments raised by the party. Govindan questioned why the government had not appealed against the division bench verdict and asked on what basis proceedings to register an FIR had moved forward. He added that the party would challenge politically motivated moves through legal and political means and said there was no need to appear before the Enforcement Directorate.

dot image
To advertise here,contact us
dot image