പത്തനംതിട്ടയിൽ ചതുപ്പില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ പിടിയിൽ

എസ് സി പ്രമോട്ടര്‍ വിവരം ശേഖരിക്കുന്നതിനിടയില്‍ കുഞ്ഞിനെ കൊന്നതായി മനസ്സിലാക്കി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു

പത്തനംതിട്ടയിൽ ചതുപ്പില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ പിടിയിൽ
dot image

പത്തനംതിട്ട: 2023ല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്. കുഞ്ഞിനെ കൊലപ്പെടുത്തി ചതുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് കണ്ടെത്തി. കേസില്‍ നാടോടി സ്ത്രീയായ കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാതാവ് മഞ്ജുവാണ് കസ്റ്റഡിയിലായത്.

കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് ആണ്‍ സുഹൃത്തായ ശിവയാണെന്ന് പിടിയിലായ മാതാവ് മഞ്ജു പൊലീസില്‍ മൊഴി നല്‍കി. ലൈംഗിക വേഴ്ചയ്ക്ക് ഇടയില്‍ കുഞ്ഞ് കരഞ്ഞതില്‍ പ്രകോപിതനായി ശിവ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് മാതാവ് മൊഴി നല്‍കിയത്.

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ജംഗ്ഷനിലെ ഫ്‌ലവര്‍ ഷോപ്പിന്റെ തിണ്ണയില്‍ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മഞ്ജുവും ശിവയും കുഞ്ഞിന്റെ മൃതദേഹവുമായി പുളിക്കീഴിലെ ചതുപ്പ് ഭാഗത്ത് എത്തി. ചതുപ്പില്‍ മൃതദേഹം ഉപേക്ഷിച്ചു. പാലക്കാട് സ്വദേശിനിയാണ് മഞ്ജു. കഴിഞ്ഞ ദിവസം പാലക്കാട് മീനാക്ഷിപുരത്തെ വീട്ടില്‍ വച്ച് മഞ്ജുവും ശിവയും തമ്മില്‍ തര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ കുഞ്ഞിനെ ശിവ കൊലപ്പെടുത്തിയത് മഞ്ജു വിളിച്ചുപറഞ്ഞു. അയല്‍വാസികള്‍ മുഖേന ഇത് പ്രദേശത്തെ എസ് സി പ്രമോട്ടര്‍ അറിഞ്ഞു. എസ് സി പ്രമോട്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് മഞ്ജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2023 ഓഗസ്റ്റ് 6 നാണ് പത്തനംതിട്ട തിരുവല്ല പുളിക്കീഴ് വളഞ്ഞവട്ടത്ത് എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നെങ്കിലും കൊലപാതകത്തിനു പിന്നിലാരെന്നു കണ്ടെത്താനായിരുന്നില്ല. മീനാക്ഷിപുരം പൊലീസ് മഞ്ജുവിനെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ശിവ, ശിവയുടെ സഹോദരന്‍ ശക്തി എന്നിവര്‍ക്കായുള്ള അന്വേഷണം തിരുവല്ല പുളിക്കീഴ് പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് ഏഴ് കുട്ടികളുണ്ട്.

Content Highlights: 2023 Pathanamthitta Infant Case Turns Out to Be Murder; Mother Taken into Police Custody After Three Years

dot image
To advertise here,contact us
dot image