കോവളം സ്പാ കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്

കോവളം സ്പാ കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
dot image

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ഇളയമ്മയെ അട്ടക്കുളങ്ങര ജയിലിലേക്കും ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര ജയിലിലേക്കുമാണ് മാറ്റിയത്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി, അമ്മയുടെ അനിയത്തിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഇവര്‍ പെണ്‍കുട്ടിയെ പണം വാങ്ങി വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

സ്പാകളുടെ പ്രവര്‍ത്തനത്തില്‍ വ്യാപകമായ പരാതിയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. പ്രധാനമായും ഇത്തരം സംഘങ്ങള്‍ക്ക് പൊലീസില്‍ നിന്ന് ഒത്താശ ലഭിക്കുന്നെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു ദിവസം പൂട്ടിയിട്ടതിന് ശേഷം സ്പാകള്‍ തൊട്ടടുത്ത ദിവസം തുറക്കുന്ന സ്ഥിതിയാണുള്ളത്. സംഭവത്തില്‍ നഗരസഭ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കാട്ടി നാട്ടുകാര്‍ മേയര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. സംഭവത്തിന് പിന്നാലെ കോവളത്തെ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ആര്‍ നിശാന്തിനിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലെ ലൈംഗിക ചൂഷണം തടയാന്‍ പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരുന്നു.

Content Highlights: The accused in the Kovalam spa case have been remanded to 14 days of judicial custody.

dot image
To advertise here,contact us
dot image