

കോഴിക്കോട്: വഖഫ് ബോര്ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്ന്ന വിമര്ശനങ്ങളില് പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. പുനഃസംഘടനയില് എല്ലാ മുസ്ലിം സംഘടനകള്ക്കും പ്രാതിനിധ്യം നല്കിയിട്ടുണ്ടെന്നും വഖഫ് ബോര്ഡില് അവസരം ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോര്ഡ് തുടങ്ങിയ സമിതികളില് പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു. അതില് എല്ലാ മുസ്ലിം സംഘടനകള്ക്കും പ്രാതിനിധ്യം നല്കിയിട്ടുണ്ട്. ബോര്ഡില് അവസരം ലഭിക്കാത്തവരെ വരാനിക്കുന്ന ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമ നിധി ബോര്ഡ് അടക്കമുള്ള സമിതികളില് പരിഗണിക്കും.'- അദ്ദേഹം പറഞ്ഞു.
അതേസമയം സമസ്തയില് നിന്നും ആരെയും വഖഫ് ബോർഡിലേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്കി. സമസ്തയില് നിന്നും വഖഫ് ബോര്ഡില് രണ്ട് പ്രതിനിധികളാണ് ഉള്ളതെന്നും അതില് ആദ്യത്തെയാള് ചെയര്മാന് എം സി മായിന് ഹാജി തന്നെയാണെന്നും തങ്ങള് പ്രതികരിച്ചു. രണ്ടാമത്തയാള് മുസ്തഫല് ഫൈസിയാണെന്നും അദ്ദേഹവും സമസ്തയില് നിന്നുള്ള ആളാണെന്നും എന്നാല് സംഘടനാപരമായി ബന്ധമുണ്ടാകില്ലെന്നും പാണക്കാട് സാദിഖലി തങ്ങള് വിശദീകരിച്ചു. സമസ്ത മുശാവറയില് നിന്നും പുറത്താക്കപ്പെട്ടയാളാണ് മുസ്തഫൽ ഫൈസി എന്ന കാര്യം മാധ്യമങ്ങള് ചൂണ്ടിക്കാട്ടിയപ്പോള് വഖഫ് ബോര്ഡില് അംഗത്വം ലഭിക്കാന് മുശാവറ അംഗത്വം ആവശ്യമില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്. എന്നാല് മുസ്തഫല് ഫൈസിയെ വഖഫ് ബോര്ഡിലേക്ക് പരിഗണിച്ചതില് ഇ കെ വിഭാഗത്തിന് എതിര്പ്പുണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന ചോദ്യത്തിന് ഇ കെ വിഭാഗത്തില് നിന്നുള്ള ആളായതിനാല്, അവരുടെ നോമിനിയായാണ് അദ്ദേഹത്തെ പരിഗണിച്ചതെന്നായിരുന്നു മറുപടി. മാത്രമല്ല അദ്ദേഹം ഒരു പണ്ഡിതനാണെന്ന കാര്യം കൂടി പരിഗണിച്ചാണ് നിയമനം എന്നും പാണക്കാട് സാദിഖലി തങ്ങള് പറഞ്ഞു.
വഖഫ് സ്വത്തുകള് കൈകാര്യം ചെയ്യുന്ന നിരവധി സ്ഥാപനങ്ങള് നിലനില്ക്കുമ്പോള്, അതിൽ ഉൾപ്പെടുന്നവർക്ക് വഖഫില് അംഗത്വം ലഭിക്കാതെ മറ്റിടങ്ങളില് പരിഗണിച്ചിട്ട് കാര്യമുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. പക്ഷപാതപരമായിട്ടായിരിക്കില്ല വഖഫ് ബോര്ഡ് പ്രവര്ത്തിക്കുകയെന്നും എല്ലാ സ്ഥാപനങ്ങളുടെയും പ്രശ്നം വഖഫ് ബോര്ഡ് കൈകാര്യം ചെയ്യുമെന്നും ആരും വിഭാഗീയത കലര്ത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്ലാമിക്ക് ഉള്പ്പെടെ പരിഗണന ലഭിച്ചിട്ടും സുന്നി സംഘടനകള് പ്രാതിനിധ്യമില്ലെന്ന എപി വിഭാഗത്തിന്റെ പരാതിയില്, ഹജ്ജ് കമ്മിറ്റിയുടെ ചെയര്മാന് എ പി സുന്നിയുടെ പ്രതിനിധിയാണ് അത് മാറ്റിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
നിലവില് ആരും പരാതികളുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചനകള് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എം സി മായിന് ഹാജിക്ക് എതിരായ ഉയര്ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Panakkad Sadikali Thangal said that people who do not get opportunities in the Waqf Board will be considered for positions in the Hajj Committee and other organisations