

കോഴിക്കോട്: വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു. എം സി മായിന് ഹാജിയാണ് പുതിയ ചെര്മാന്. എം ബി മുസ്തഫല് ഫൈസി, ഷിറാസ് ബി കപ്പാസി, കുറുക്കോളി മൊയ്തീന്, അബ്ദുള് മജീദ് സലാഹി തുടങ്ങിയവര് ബോര്ഡിലുണ്ട്. സര്ക്കാര് അമുസ്ലിങ്ങളെ നാമനിര്ദേശം ചെയ്തിട്ടില്ല. നിലവിലെ ബോര്ഡ് പിരിച്ചുവിട്ടുകൊണ്ട് സമ്പൂര്ണ പുനഃസംഘടനയാണ് സര്ക്കാര് നടത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവായ മായിന് ഹാജിക്ക് ചെയര്മാന് സ്ഥാനത്തെത്താനുള്ള സാധ്യതകള് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നിരവധി തവണ വഖഫ് ബോര്ഡ് അംഗമായിരുന്നു അദ്ദേഹം.
സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, കേരള നദ്വത്തുല് മുജാഹിദ്ദീന് ഉള്പ്പെടെയുള്ള വിഭാഗങ്ങള്ക്ക് പ്രതിനിധ്യം നല്കിയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. സമസ്തയുടെ അംഗമായി എം ബി മുസ്തഫല് ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല് ഫൈസി. മുജാഹിദ് വിഭാഗത്തിന്റെ അംഗമായാണ് അബ്ദുള് മജീദ് സലാഹിയെ നിയമിച്ചിരിക്കുന്നത്. ഇങ്ങനെ ഒമ്പത് പേരുടെ നിയമനമാണ് നടന്നിരിക്കുന്നത്. രണ്ട് അമുസ്ലീം അംഗങ്ങളുടെ നിയമനം നടന്നിട്ടില്ല.
കോടതി വിധി അനുസരിച്ചാണ് ഇപ്പോൽ പുനഃസംഘടന നടന്നിരിക്കുന്നത്. പുനഃസംഘടനയില് സര്ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ചര്ച്ചകള് ശക്തമാക്കിയത്. പിന്നാലെ കെ എസ് ഹംസ ചെയര്മാനായ വഖഫ് ബോര്ഡ് സര്ക്കാര് പിരിച്ചുവിടാന് തീരുമാനിച്ചിരുന്നു. പുനഃസംഘടനയില് കെ എസ് ഹംസ കോടതിയെ സമീപിക്കാനാണ് സാധ്യത.
യുഡിഎഫ് സര്ക്കാര് അധികാരത്തില് വന്നതിന് പിന്നാലെ തന്നെ വഖഫ് ബോര്ഡ് പിരിച്ചുവിടാനുള്ള നയപരമായ തീരുമാനം ലീഗ് എടുത്തിരുന്നു. എന്നാല് കഴിഞ്ഞ മാര്ച്ചില് രൂപീകരിക്കപ്പെട്ട വഖഫ് ബോര്ഡിന് അഞ്ച് വര്ഷം കാലാവധി ഉള്ളത് നിയമപരമായി ബോര്ഡ് പുനഃസംഘടിപ്പിക്കുന്നതില് സര്ക്കാരിന് പ്രതിസന്ധിയായിരുന്നു. വഖഫ് ബോര്ഡില് അമുസ്ലീങ്ങളെ ഉള്പ്പെടുത്താത്തനിതെനിരെ ഷോണ് ജോര്ജ് നല്കിയ ഹര്ജി പരിഗണിക്കുന്നതിനിടെയാണ് ബോര്ഡ് സര്ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്. ആ പഴുത് ഉപയോഗിക്കാനാണ് സര്ക്കാര് തീരുമാനിച്ചത്.
Content Highlights: The Waqf Board has been reconstituted, with M C Mayin Haji appointed as its new chairman.