

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം റിപ്പോര്ട്ട് ചെയ്തതിന് റിപ്പോര്ട്ടര് ടിവി മാധ്യമപ്രവര്ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന്റെ പരാതിയിലാണ് കേസെടുത്തത്. വിചിത്രമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുള്ള എഫ്ഐആറും സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെടുമ്പാശേരി വാഹനാപകടക്കേസ് അട്ടിമറിക്കാന് ആലപ്പുഴയിലെ വനിതാ ജനപ്രതിനിധി ഇടപെട്ടാന്നായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം. ഈ പ്രസംഗം റിപ്പോര്ട്ട് ചെയ്തതിനാണ് റിപ്പോര്ട്ടര് ടിവി ചീഫ് റിപ്പോര്ട്ടര് മനീഷ് മഹിപാലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
വളരെ വിചിത്രമായ ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ടർ ടിവിയുടെ ചീഫ് റിപ്പോർട്ടറായ മനീഷ് മഹിപാലിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറും ജനപ്രതിനിധിയുമായ പരാതിക്കാരിയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തണമെന്നും അതിലൂടെ പ്രദേശത്ത് കലാപം ഉണ്ടാകുന്നതിനും, സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഡിവൈഎഫ്ഐ നേതാവ് പ്രസംഗിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഒക്ടോബർ 15-ാം തീയതി ഉച്ചക്ക് 1 മണിയോടെ കളക്ട്രറേറ്റിലേയ്ക്ക് നടന്ന പ്രധിഷേധ സമരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏക വനിതാ ജനപ്രതിനിധി മിനികൂപ്പർ വാഹനാപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്നും പ്രതിക്ക് പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകുന്നുണ്ടെന്നും ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ഡിവൈഎഫ്ഐ നേതാവ് പ്രസംഗിച്ചു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഈ പ്രസംഗം മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടറായ മനീഷ് മഹിപാൽ സ്ഥിരീകരിച്ച് നാട്ടിൽ കലാപം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടു കൂടി വാർത്ത പ്രചരിപ്പിച്ച് ആവലാതിക്കാരിയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തി എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
Content Highlights: A case has been registered against Reporter TV journalist Manish Mahipal for reporting a DYFI leader’s speech, following a complaint by Deputy Speaker Shanimol Usman.