

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ 18 വയസുകാരന് ആത്മഹത്യ ചെയ്തത് പൊലീസിന്റെ ക്രൂരത കാരണമാണെന്ന ആരോപണവുമായി കുടുംബം.
കൊടുങ്ങല്ലൂർ പഴുപ്പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് മരിച്ചത്. മുഹമ്മദ് അസ്ലമും സഹോദരനും ചേർന്ന് ഒരു പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നെന്നാണ് കേസ്.
പൊലീസ് മകനെ ക്രൂരമായി മർദ്ദിച്ചെന്നും ഇതു കണ്ട മൂത്തമകന് സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു എന്നും പിതാവ് നൗഷാദ് റിപ്പോർട്ടറിനോട് പറഞ്ഞു. തനിക്ക് വേണ്ടി സഹോദരന് ജയിലിൽ പോയതിലെ വിഷമത്തെ തുടർന്നാണ് അസ്ലം ജീവനൊടുക്കിയതെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
എന്നാല് കുടുംബത്തിന്റെ ആരോപണം തള്ളുകയാണ് പൊലീസ്. അസ്ലമും സഹോദരന് സഹലും ചേർന്ന് കുറ്റം ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഇന്നോവ കാർ പിടിച്ചെടുത്തെന്നും അന്യായ കസ്റ്റഡി ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇന്നലെയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ് രംഗത്തെത്തിയത്. രണ്ട് മക്കളെ ഇല്ലാത്ത കേസിൽ കുടുക്കി കൊടുങ്ങല്ലൂർ പൊലീസ് പീഡിപ്പിച്ചെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ ജീവനൊടുക്കിയതെന്നുമായിരുന്നു നൗഷാദ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ബൈജു, എസ് ഐ അതുൽ മോഹൻ എന്നിവർക്കെതിരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നൗഷാദ് ഫേസ്ബുക്കിൽ ഉന്നയിച്ചത്.
പ്രായപൂർത്തിയാകാത്ത മകനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത വിവരം അറിഞ്ഞ് തൻ്റെ നിർദ്ദേശ പ്രകാരം സ്റ്റേഷനിലെത്തിയ മൂത്ത മകനെയും കേസിൽ കുടക്കിയെന്നും ഇതിനെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ മുഹമ്മദ് അസ്ലമിൻ്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവങ്ങൾ ഉണ്ടാകുന്നതെന്നും നൗഷാദ് വെളിപ്പെടുത്തി.
ഒരു പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തി 20 പവനും 50000 രൂപയും വാങ്ങിയെന്നായിരുന്നു ഇളയമകനെതിരായി കൊടുങ്ങല്ലൂർ സിഐ പറഞ്ഞ കുറ്റമെന്നാണ് നൗഷാദ് പറയുന്നത്. ഈ വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ മൂത്ത മകൻ്റെ മുന്നിലിട്ട് ഇളയമകനെ കൊടുങ്ങല്ലൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെ മൂത്ത മകൻ പൊലീസ് ആരോപിച്ച കുറ്റം ഏൽക്കുകയായിരുന്നു എന്നാണ് നൗഷാദ് പറഞ്ഞത്. കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തോളം മക്കളെ രണ്ടുപേരെയും പൊലീസ് പീഡിപ്പിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ നൗഷാദ് ആരോപിച്ചത്. മൂന്ന് ദിവസത്തിന് ശേഷം പ്രായപൂർത്തിയാകാത്ത ഇളയ മകനെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിക്കാതിരിക്കാൻ ഇടപെടൽ നടന്നെന്നാണ് നൗഷാദിൻ്റെ ആരോപണം.
ജൂവനൈൽ ജസ്റ്റിസ് ബോർഡ് ഇളയമകനെ ജുവനൈൽ ഹോമിലേയ്ക്ക് അയച്ചെന്നും നാല് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ് നൗഷാദ് പറയുന്നത്. മൂത്തമകനെ കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേയ്ക്ക് അയച്ചെന്നും നൗഷാദ് പറയുന്നു. നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച ഇളയമകൻ സബ്ജയിലിലെത്തി സഹോദരനെ കണ്ട് മടങ്ങി എത്തിയതിന് പിന്നാലെ ജീവനൊടുക്കിയെന്നാണ് ഫേസ്ബുക്കിൽ നൗഷാദ് പറഞ്ഞിരുന്നത്.
Content Highlights: Kodungallur 18 year old case family alleges police brutality