പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്
dot image

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ ക്രമക്കേടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി, പിഎസ്‌സി അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കാത്തത് എന്തെന്നും ചോദിച്ചിരുന്നു.

ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി നടന്ന പരീക്ഷകളില്‍ ഉള്‍പ്പെടെ വന്‍ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും അംഗങ്ങള്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ടെത്തില്ലെന്നാണ് ഇവരുടെ നിലപാട്. പിഎസ്‌സി ആസ്ഥാനത്തെത്തിയാല്‍ മൊഴി നല്‍കാമെന്നും അഞ്ച് അംഗങ്ങള്‍ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് നോട്ടീസ് ചോദ്യം ചെയ്തുള്ള പിഎസ്‌സിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പോയത് ഗുരുതര വീഴ്ചയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പ്രത്യക്ഷത്തില്‍ തന്നെ അഴിമതി വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതിന് അനുമതി ഇല്ലെന്നായിരുന്നു പിഎസ്‌സിയുടെ അഭിഭാഷകന്‍ വാദിച്ചത്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് പിഎസ്‌സി. വലിയ തലത്തിലുള്ള അഴിമതിയാണ് നടന്നത്. പിഎസ്‌സി ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും ഹൈക്കാടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തത്? പിഎസ്‌സി അന്വേഷണവുമായി സഹകരിക്കണം. വസ്തുത പിഎസ്‌സിക്ക് അന്വേഷണ സംഘത്തെ അറിയിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട്ടിലെ യുവാക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിനോടും ഹൈക്കോടതി പറഞ്ഞു. പിഎസ്‌സിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Content Highlights: psc-exam-irregularities-crime-branch-fresh-questioning-notice-members

dot image
To advertise here,contact us
dot image