ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണം തട്ടി; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖല പ്രസിഡന്റ് കൂടിയാണ് പ്രൊഫ. പി പ്രജിത

ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണം തട്ടി; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി
dot image

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് പരാതി. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം അധ്യാപിക പ്രൊഫ. പി പ്രജിതക്കെതിരെയാണ് പരാതി. പയ്യന്നൂര്‍ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേടെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഹോസ്റ്റലില്‍ ഗ്യാസ് സിലിണ്ടര്‍, ചിക്കന്‍, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയതില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ഹോസ്റ്റല്‍ സ്ഥാപിച്ച 2015 മുതല്‍ പ്രജിതയാണ് ഹോസ്റ്റല്‍ വാര്‍ഡനായി തുടരുന്നത്.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖല പ്രസിഡന്റ് കൂടിയാണ് പ്രൊഫ. പി പ്രജിത. സംഭവത്തില്‍ മാനേജ്‌മെന്റ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം അധ്യാപികയ്‌ക്കെതിരെ എസ്എഫ്‌ഐ വിജിലന്‍സിന് പരാതി നല്‍കി. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടാണ് അധ്യാപിക നടത്തിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന പിഴ തുക രജിസ്റ്ററില്‍ ചേര്‍ക്കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. വിഷയത്തില്‍ എസ്എഫ്‌ഐ ഇന്ന് പയ്യന്നൂര്‍ കോളേജില്‍ പഠിപ്പുമുടക്കും. അധ്യാപികയെ കോളേജില്‍ നിന്നും സിന്‍ഡിക്കേറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് എസ്എഫ്‌ഐ ഉന്നയിക്കുന്ന ആവശ്യം.

അതേസമയം സംഭവം പുറത്തറിഞ്ഞതോടെ ഹോസ്റ്റല്‍ മേട്രനെ പുറത്താക്കി സിന്‍ഡിക്കേറ്റ് അംഗത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതൃത്വം ശ്രമം നടത്തുന്നതായും എസ്എഫ്‌ഐ ആരോപിക്കുന്നുണ്ട്. ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് ആഴ്ചയിലൊരു ദിവസമെന്ന രീതിയില്‍ ബുധനാഴ്ചയാണ് ചിക്കന്‍ നല്‍കുന്നത്. ഒമ്പതുകിലോഗ്രാം ചിക്കനെന്നാണ് കണക്കില്‍ കാണിച്ചത്. പരമാവധി ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 200 രൂപ മാത്രമാണെന്നിരിക്കെ കാണിച്ചത് 300 രൂപയിലേറെയാണ്. അഞ്ചാഴ്ചയില്‍ പരമാവധി 45 കിലോ ചിക്കനാണ് വേണ്ടത്. ഇതിന് പരമാവധി വില പതിനായിരത്തില്‍ താഴെ രൂപ മാത്രമേ വരൂ. എന്നാല്‍ ഇതിന്റെ പേരില്‍ 45,000 രൂപയാണ് കൈക്കലാക്കിയതെന്നാണ് ആരോപണം. മൂന്ന് ഗ്യാസ് സിലിണ്ടര്‍ മാത്രമാണ് വാങ്ങിയത്. വാര്‍ഡന്റെ കണക്കില്‍ മാസം 12 സിലിണ്ടറാണ് ഉപയോഗിക്കുന്നത്. പലവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും വാങ്ങിയതിനും വന്‍തുക എഴുതിയെടുത്തെന്നും ആരോപണമുണ്ട്.

വിദ്യാര്‍ഥിനികളില്‍ നിന്ന് ഈടാക്കുന്ന പിഴ രജിസ്റ്ററില്‍ ചേര്‍ക്കാത്തതിലും ചില മാസം കൂടുതല്‍ തുകയീടാക്കിയതിലും തുടങ്ങി നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇന്റേണല്‍ മാര്‍ക്കിന്റെയും മറ്റും പേരില്‍ കുട്ടികളെ ഇവര്‍ ഭീഷണിപ്പെടുത്തി പരാതിയൊതുക്കി എന്ന ഗുരുതര ആരോപണവും എസ്എഫ്‌ഐ ഉന്നയിക്കുന്നുണ്ട്. ഭീഷണി ആവര്‍ത്തിച്ചതോടെയാണ് രക്ഷിതാക്കളുടെ പിന്തുണയോടെ വിദ്യാര്‍ഥിനികള്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയതെന്നാണ് വിവരം. നേരത്തേ, വ്യാജ നിയമനത്തിലൂടെ ശമ്പളത്തട്ടിപ്പ് നടത്തിയതിന് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് നോമിനിയായ ഡോ. എന്‍ കെ ദീപക്കിനെ തലശേരി വിജിലന്‍സ് കോടതി ആറുവര്‍ഷം തടവിനും 80,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

Content Highlights: A complaint has been raised against Prof P Prajitha, a Malayalam department teacher at Payyannur College and a Congress Syndicate member of Kannur University, alleging irregularities in the management of the college’s women’s hostel. The allegations concern purchases including gas cylinders, chicken, coconut oil and other provisions. Prajitha has reportedly continued as the hostel warden since it was established in 2015.

dot image
To advertise here,contact us
dot image