'ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് ആഘോഷിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല'; ഒളിയമ്പുമായി കെ സി

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ വി ഡി സതീശന്‍ പക്ഷത്തുനിന്നുള്ള അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

'ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് ആഘോഷിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല'; ഒളിയമ്പുമായി കെ സി
dot image

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തില്‍ വി ഡി സതീശന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് സൈബര്‍ ഇടത്ത് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ ആയ നേതാവിനെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.

'സൈബര്‍ ആക്രമണം ഒരുപാട് സഹിച്ച ആളാണ് ഞാന്‍. പാര്‍ട്ടിക്കാര്‍ സൈബറിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടിക്ക് വേണ്ടിയാണ്. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. കേള്‍ക്കേണ്ടതെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു. ഞാനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനോട് യോജിപ്പില്ല. എന്റെ നിലപാട് അതാണ്', കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് സൈബര്‍ ആക്രമണം എന്ന് കരുതുന്നില്ല. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന്റെ പേരില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജയിലില്‍ അടപ്പിക്കണം എന്ന വാശിയുള്ള ആളല്ല താന്‍. കോണ്‍ഗ്രസുകാര്‍ അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഞായറാഴ്ചയായിരുന്നു സതീശന്‍ അനുകൂലികളായ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍ മീഡിയ അധിക്ഷേപ പോസ്റ്റുകളിലായിരുന്നു പൊലീസ് നടപടി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാമായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി. മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആഭ്യന്തര മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയത്.

Content Highlights- K C Venugopal commented on cyber attacks involving party leaders, saying that humiliating and celebrating attacks against leaders from any group would not benefit the party. 

dot image
To advertise here,contact us
dot image