

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അധികൃതര്‍ ഉറങ്ങുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡില്‍ ഇപ്പോള്‍ നിയമവാഴ്ചയില്ല. സ്വകാര്യ ബസുകള്‍ക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
ബസുകള്‍ തമ്മില്‍ യുദ്ധമാണ് നടക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരാജയമാണിതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ അപകട സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപകടങ്ങള്‍ കുറവാണെന്ന് സര്‍ക്കാര്‍ മറുപടി നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നുള്ള രണ്ട് ബസുകളുടെ മത്സരയോട്ടത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. അപകടത്തില്‍ നിന്ന് കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ചതിനായിരുന്നു കേസെടുത്തത്. അക്ഷയ് അലീന, ഷാലിമ എന്നീ രണ്ട് ബസുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Content Highlights- The Kerala High Court criticized authorities over speeding by private buses and questioned whether officials were taking adequate action. The court’s remarks came amid concerns over dangerous driving and accidents involving private buses in Kerala