

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ പോക്സോ കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. പോക്‌സോ കേസില്‍ കൃത്യ സമയത്ത് നടപടി കൈക്കൊണ്ടില്ലെന്ന കാരണത്താല്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കി.
മുന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ എ അരുണ്‍, അഡീഷണല്‍ കമ്മീഷണര്‍ എന്‍ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി എഡിജിപിയായി സേവനമനുഷ്ഠിക്കുകയായിരുന്ന അരുണിനെയും കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണറായിരുന്ന കണ്ണനെയും പുതിയ പദവികളൊന്നും നല്‍കാതെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.
ഇവരെ സ്ഥലം മാറ്റാനുള്ള കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 2024 നവംബറില്‍ ചെന്നൈയില്‍ അഡീഷണല്‍ കമ്മീഷണര്‍ ആയിരുന്ന കണ്ണന് വീരമണി നടത്തിയ അതിക്രമങ്ങൾക്കെതരിരെ പരാതി നല്‍കിയിരുന്നുവെന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി എസ്സി വകുപ്പ് നേതാവ് രഞ്ജന്‍ കുമാര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അന്നത്തെ പൊലീസ് കമ്മീഷണര്‍ അരുണുമായി കൂടിയാലോചിച്ച ശേഷം പരാതി പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി രഞ്ജന്‍ കുമാര്‍ പറഞ്ഞു.
2025 ഒക്ടോബറില്‍ അണ്ണാനഗറിലെ ഒരു എൻജിഒ പ്രവർത്തകയ്ക്കാണ് വീരമണി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തെളിവാക്കി ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്നും ഇരകളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും കാണിച്ച് 2026 ഫെബ്രുവരിയിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ, പോക്‌സോ പ്രത്യേക കോടതി ഈ റിപ്പോർട്ട് തള്ളുകയും അന്വേഷണം തുടരാൻ ഉത്തരവിടുകയുമായിരുന്നു. ജൂലൈയിൽ പു:നരാരംഭിച്ച അന്വേഷണത്തിൽ കൂടുതല്‍ പീഡന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ വീരമണി പീഡനത്തിന് ഇരയാക്കിയെന്നും ഇരകള്‍ 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണെന്നുമാണ് പുറത്തുവരുന്ന വിവരം. എട്ട് പെണ്‍കുട്ടികളുടെ മൊഴി തമിഴ്നാട് പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ സഹായി മഹേന്ദ്ര സിംഹനും ഇയാളുടെ ഭാര്യ ശാന്തിയും ചേര്‍ന്നാണ് എത്തിച്ചത്. ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെണ്‍കുട്ടികളെ എത്തിച്ചായിരുന്നു പീഡനം. കേസ് ഒതുക്കാന്‍ 70 കോടി രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി. പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കി കുട്ടികളെ സ്വാധീനിച്ചെന്നും പൊലീസ് പറയുന്നു.
Content Highlights: Two senior IPS officers removed from posts due to veeramani case