

തിരുവനന്തപുരം: വിവാദമായ കേരള സര്‍വകലാശാല കലാലയ രാഷ്ട്രീയ കരട് മാര്‍ഗരേഖയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് സിന്‍ഡിക്കേറ്റ്. ഉപസമിതി കണ്‍വീനറുടെ അംഗീകാരമില്ലാതെ കരട് പുറത്തായത് ഗൗരവമുള്ള വിഷമമാണെന്നാണ് വിലയിരുത്തല്‍. കരടിന്റെ ഉള്ളടക്കം എന്താണെന്ന് സിന്‍ഡിക്കേറ്റ് അറിഞ്ഞിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. മാര്‍ഗരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥരോട് സിന്‍ഡിക്കേറ്റ് വിശദീകരണം തേടും. വരുന്ന ബുധനാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. രേഖാമൂലം വിശദീകരണം വാങ്ങി രജിസ്ട്രാര്‍ക്ക് കൈമാറും. വീഴ്ച ഉണ്ടായെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതും ആലോചനയിലുണ്ട്.
കരട് മാര്‍ഗരേഖ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് സിന്‍ഡിക്കേറ്റ് ഉപസമിതി നിര്‍ദേശിച്ചിരുന്നു. അത് പ്രകാരം തയ്യാറാക്കിയ മാര്‍ഗരേഖ, നടപടി പ്രകാരം ഉപസമിതിയില്‍ എത്തിക്കുകയോ കണ്‍വീനറുടെ അംഗീകാരം വാങ്ങുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ രേഖ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പ്രചരിപ്പിക്കപ്പെട്ടെന്നാണ് സിന്‍ഡിക്കേറ്റ് സംശയിക്കുന്നത്. കരട് രേഖ ഉപസമിതിയുടെ മുന്നിലെത്തി ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നെങ്കില്‍ ഇത്തരം ബാലിശമായ ശുപാര്‍ശകള്‍ അതില്‍ ഉള്‍പ്പെടില്ലായിരുന്നു എന്നാണ് സിന്‍ഡിക്കേറ്റ് വിലയിരുത്തല്‍.
വിശദമായ അന്വേഷണം നടത്തി, വീഴ്ചയുണ്ടാകാന്‍ കാരണക്കാരായവര്‍ ആരാണെന്ന് പരിശോധിക്കാനാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് രേഖാമൂലം വിശദീകരണം ഉദ്യോഗസ്ഥരില്‍ നിന്നും തേടാന്‍ തീരുമാനിച്ചിട്ടുള്ളത്. ബുധനാഴ്ച വിളിച്ചിട്ടുള്ള യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഓരോ ഉദ്യോഗസ്ഥരോടും സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ വിശദീകരണം ആവശ്യപ്പെടും. ഇത് രേഖാമൂലം എഴുതിവാങ്ങി രജിസ്റ്റാര്‍ക്ക് കൈമാറും. തുടര്‍ന്ന് രജിസ്റ്റാര്‍ തലത്തില്‍ പരിശോധന നടത്തും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെന്ന് ബോധ്യപ്പെടുകയോ, രാഷ്ട്രീയ ഇടപെടലുകള്‍ വ്യക്തമാകുകയോ, ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കണ്ടെത്തുകയോ ചെയ്താല്‍ കൃത്യമായ അച്ചടക്കനടപടി ഉണ്ടാകുമെന്നും സിന്‍ഡിക്കേറ്റ് വിശദീകരിക്കുന്നു.
അതേസമയം കരട് മാര്‍ഗരേഖ ഉടന്‍ തിരുത്തണമെന്ന് സിന്‍ഡിക്കറ്റിന് മന്ത്രി റോജി എം ജോണ്‍ നിര്‍ദേശം നല്‍കി. കടുത്ത അതൃപ്തി വ്യക്തമാക്കിയാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെയും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഒന്നും കരടില്‍ ഉണ്ടാകരുതെന്നും പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ നീക്കം ചെയ്യണമെന്നും മന്ത്രി സിന്‍ഡിക്കേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജുകളിലോ സര്‍വകലാശാലയിലോ വിദ്യാര്‍ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നാണ് സിന്‍ഡിക്കേറ്റ് കരട് മാര്‍ഗരേഖ. ചട്ടലംഘനമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കരട് മാര്‍ഗരേഖലുണ്ട്. ഒരു തരത്തിലുമുള്ള കൂട്ടംകൂടലുകളോ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള പരിപാടികളോ സംഘടിപ്പിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ 5000 രൂപ മുതല്‍ 20,000 രൂപ വരെ പിഴ ചുമത്തും. പിഴക്ക് പുറമേ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്ക് കീഴിലെ ഒരു കോളേജിലും പഠിക്കാന്‍ കഴിയാത്ത വിധം ഡിസ്മിസ് ചെയ്യുന്നത് വരെ നീളുന്നതാണ് ശിക്ഷാ നടപടി. കൂടാതെ ഏത് രാഷ്ട്രീയ പാര്‍ട്ടിയോട് ബന്ധപ്പെട്ട സംഘടനയാണോ സമരം ചെയ്യുന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പിഴ ഈടാക്കാമെന്നും കരട് മാര്‍ഗരേഖയിലുണ്ട്.
Content Highlights: The Kerala University syndicate has assessed that there were lapses on the part of officials in connection with the draft guidelines on student political activities