

തിരുവനന്തപുരം: ലോക കേരള സഭയില്‍ യൂടേണ്‍ അടിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ ധൂര്‍ത്തെന്ന് വിമര്‍ശനം ഉന്നയിച്ച ലോക കേരള സഭ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു. ലോക കേരള സഭ തുടരണമെന്ന ലീഗിന്റെ നിലപാടാണ് നിര്‍ണായകമായത്. പ്രവാസികള്‍ പിന്തുണക്കു ന്ന പരിപാടി കണ്ണടച്ച് ഉപേക്ഷിക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.
ഇതാദ്യമായല്ല സതീശന്‍ സര്‍ക്കാര്‍ യൂടേണ്‍ അടിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത പിഎം ശ്രീ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതാണെന്നും പിന്മാറാന്‍ കഴിയില്ലെന്നും വാദിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയന്നപ്പോഴും നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. ഇതിന് സമാനമായ നിലപാടാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ടും സതീശന്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ലോക കേരള സഭയ്‌ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു വി ഡി സതീശന്‍ ഉന്നയിച്ചത്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ് ലോക കേരള സഭ എന്നായിരുന്നു സതീശന്‍ മുന്‍പ് പറഞ്ഞത്. സര്‍ക്കാരും നിയമസഭയും ബന്ധപ്പെട്ടാണ് ലോക കേരള സഭ നടത്തുന്നത്. പണമുള്ളവനെ മാത്രം വിളിച്ചുകയറ്റി അടുത്തിരുത്തുന്ന ഈ പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും സതീശന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് ഭരണപക്ഷത്തെത്തിയപ്പോള്‍ സതീശന്‍ മാറ്റിയത്.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജനകീയ വേദിയായിരുന്നു ലോക കേരള സഭ. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് നടന്നത്. 125 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികളായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
Content Highlights- Kerala Chief Minister V D Satheesan’s government has decided to continue the Loka Kerala Sabha, a platform involving the state’s diaspora community.