കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇന്ന് 900 മെഗാവാട്ടിന്റെ ലഭ്യതകുറവ് അനുഭവപ്പെടാനാണ് സാധ്യത

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 6.15 മുതല്‍ 12.45 വരെയുള്ള സമയത്ത് നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 900 മെഗാവാട്ടിന്റെ ലഭ്യതകുറവ് അനുഭവപ്പെടാനാണ് സാധ്യത.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ തന്നെ തുടരുകയാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. 5000 മെഗാവാട്ട് വരെ ഓള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിട്ടുമുണ്ട്. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ആയതിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടും.

Content Highlights: KSEB has warned of possible partial power restrictions in Kerala from 6:15 pm to 12:45 am due to an estimated 700 to 900 MW shortage

dot image
To advertise here,contact us
dot image