കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പൊലീസ്; സ്കൂൾ ബസുകളിൽ പുതിയ 'സ്മാർട്ട്' സംവിധാനം

സ്‌കൂള്‍ ഗതാഗത സംവിധാനത്തിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പൊലീസ്; സ്കൂൾ ബസുകളിൽ പുതിയ 'സ്മാർട്ട്' സംവിധാനം
dot image

ഷാർജയിലെ സ്കൂൾ ബസുകളിൽ ഇനി കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഒരൊറ്റ ബട്ടണ്‍ അമർത്തിയാൽ ഷാർജ പൊലീസ് പറന്നെത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിമിഷങ്ങൾക്കുള്ളിൽ സേവനം ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. മഅ്മൻ (Ma'man) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിലാണ് ഈ ആധുനിക സംവിധാനം പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ സ്ഥാനം, തിരിച്ചറിയൽ വിവരങ്ങൾ, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ ഷാർജ പൊലീസിന് ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനമാണ് ഇത്.

ഷാർജ പൊലീസിന്റെ 'അമൻ യാ ബിലാദി' പരിപാടിയിലാണ് സാങ്കേതികവിദ്യ അധിഷ്ഠിതമായ ഈ സുരക്ഷാ സംവിധാനം അവതരിപ്പിച്ചത്. മേജർ സൗദ് അൽ ഷൈബയും ക്യാപ്റ്റൻ സൗദ് ബുസീമും ചേർന്നാണ് പരിപാടി നയിച്ചത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികളാണ് പരിപാടിയിൽ പ്രധാനമായും ചർച്ചാവിഷയമായത്. ഷാർജ പൊലീസിലെ സിസ്റ്റംസ് ബ്രാഞ്ച് ഡയറക്ടർ മേജർ സൈഫ് മുഹമ്മദ് അൽ ഷയീറും ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയിലെ അബ്ദുൽ റഹ്മാൻ ഇബ്രാഹിമും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ സുരക്ഷാ സംവിധാനം, അടിയന്തര പ്രതികരണ നടപടികൾ, ബോധവത്കരണ പദ്ധതികൾ, സ്കൂളുകൾ, ഡ്രൈവർമാർ, ബസ് സൂപ്പർവൈസർമാർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സംയുക്ത ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.

2019-ൽ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി ആരംഭിച്ച 'Your Children Are Safe' എന്ന പദ്ധതിയുടെ ഭാഗമായാണ് മഅ്മൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. സ്കൂൾ ഗതാഗത സംവിധാനത്തിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എമർജൻസി ബട്ടൺ അമർത്തുന്നതോടെ വാഹനത്തിന്റെ സ്ഥാനം, തിരിച്ചറിയൽ വിവരങ്ങൾ, സംഭവത്തിന്റെ സ്വഭാവം എന്നിവ ഷാർജ പൊലീസിന് ലഭിക്കും. തുടർന്ന് പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുകയും ബസിലുള്ളവരുമായി ബന്ധപ്പെടുകയും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും ഏകോപിപ്പിക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണം സാധ്യമാക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പായാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

Content Highlight : Sharjah has enhanced school bus safety with a smart emergency system that instantly sends bus location and incident details to Sharjah Police, enabling a rapid response.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us