വി ഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാന്‍ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ: കെ എസ് അരുണ്‍ കുമാര്‍

രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും പരാമര്‍ശിച്ചാണ് അരുണ്‍ കുമാറിന്റെ മറുപടി

വി ഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാന്‍ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ: കെ എസ് അരുണ്‍ കുമാര്‍
dot image

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതില്‍ കേസെടുത്ത നടപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. താന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രി വി ഡി സതീശനോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കൂവെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും പരാമര്‍ശിച്ചാണ് അരുണ്‍ കുമാറിന്റെ മറുപടി.

'ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാന്‍ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ', അരുണ്‍ കുമാര്‍ കുറിച്ചു.

ആഭ്യന്തര മന്ത്രിയുടെ വിദേശ സന്ദര്‍ശവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെച്ചെന്നാരോപിച്ച് അരുണ്‍ കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി എസ് സുബിജ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവിട്ടാണ് യാത്ര ചെയ്തത് തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്. സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

കേസെടുത്തതിന് പിന്നാലെ അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ?

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്......

എന്താണെന്നല്ലേ പോസ്റ്റ്?

1. എൽഡിഎഫ് ഭരണകാലത്ത് ഏതെങ്കിലും ഒരു മന്ത്രിയാണ് അമേരിക്കയിലോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ കുടുംബസമേതം സന്ദർശിച്ചതെങ്കിൽ എത്ര ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളുടെ അന്തി ചർച്ചയും ബ്രേയ്ക്കിംഗ് ന്യൂസ് തുടങ്ങിയേനെ അല്ലേ?

എന്ന ചോദ്യം ചോദിച്ചതിന്

2. ആരോ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിൽ പോയത് മലയാളികൾ അറിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അമേരിക്കയിൽ പോകുന്നതു മാത്രമല്ല അവിടെ മന്ത്രിമാർ ആരുടെ കാറിൽ കയറുന്നു എന്നു വരെ മാധ്യമങ്ങൾ അന്വേഷിച്ചേനെ..... വലതുപക്ഷത്തിന്റെ പ്രിവിലേജിന് അതിരുകൾ ഇല്ലാലോ....??

എത്ര Correct ആണ് ഈ വാചകങ്ങൾ എന്ന് ചോദിച്ചതിന് !!

വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!!

Content Highlights: CPIM leader Adv K S Arun Kumar has mocked the case registered over a social media post related to Home Minister Ramesh Chennithala’s US visit

dot image
To advertise here,contact us
dot image