

മലയാളികൾ എക്കാലത്തും ആവർത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ചിത്രത്തിലെ കോമഡി രംഗങ്ങൾ ഇന്നും മികച്ചൊരു സ്ട്രെസ് ബസ്റ്ററാണ്. അതിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തിന്റെ വീടിനുള്ളിൽ വെച്ച് ചിത്രീകരിച്ച പ്രശസ്തമായ അടിപിടി രംഗത്തിന് പിന്നിലെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ഹരിശ്രീ അശോകൻ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു. അവർക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങൾ. വലിയൊരു വീടാ. എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളിൽ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കിൽ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോൾ തോന്നില്ല അത്.
പടം കണ്ടാൽ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതിൽ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. കാരണം അത് പുറത്തുനിന്ന് വന്ന് മതിൽ ചാടി കയറി, അകത്ത് കയറി അതിനുള്ളിൽ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണിൽ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങൾ ഒരു പിക്കിനിക് പോലെയാണ്,' ഹരിശ്രീ അശോകൻ പറഞ്ഞു.
Content Highlights: Harisree Ashokan shared an interesting behind-the-scenes story from Ee Parakkum Thalika, revealing that over a thousand eggs were broken for a scene. The smell reportedly remained in the house even after extensive cleaning, making it one of the memorable incidents from the film’s shoot.