തെലുങ്കില്‍ വീണ്ടും തിളങ്ങാന്‍ ദുല്‍ഖര്‍; 'ആകാശംലോ ഒക താര' ആഗോള റിലീസ് നവംബര്‍ 20ന്

പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്

തെലുങ്കില്‍ വീണ്ടും തിളങ്ങാന്‍ ദുല്‍ഖര്‍; 'ആകാശംലോ ഒക താര' ആഗോള റിലീസ് നവംബര്‍ 20ന്
dot image

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' നവംബര്‍ 20, 2026ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവ സംയുക്തമായി ചിത്രം അവതരിപ്പിക്കുന്നു.

നൂതനമായ കഥപറച്ചില്‍ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകന്‍ പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

ചിത്രം കണ്ടതിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ 'ആകാശംലോ ഒക താര'യെ പ്രശംസിച്ചിരുന്നു. ചിത്രം ഗംഭീരമായി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ജി വി പ്രകാശ് കുമാറിന്റെ ഈ പ്രതികരണം റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് പുറത്തിറങ്ങിയ ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ' എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും സംബന്ധിച്ച സൂചനകള്‍ ഗാനത്തിലൂടെ ലഭിച്ചിരുന്നു. ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കര്‍' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ വലിയ സ്വീകാര്യത നേടിയ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്. പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി'യിലും ശ്രദ്ധേയമായ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. അതിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന്‍ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍ - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്‌സ് - എഗൈ്വറ്റ് വിഎഫ്എക്‌സ്, Vfx സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ് - ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ - ശബരി

Content Highlights: Dulquer Salmaan-Pavan Sadineni film 'Aakasamlo Oka Tara' to have a global release on November 20

dot image
To advertise here,contact us
dot image